Friday, December 2, 2011

ബാര്‍ഹോട്ടലില്‍നിന്ന് കക്കൂസ് മാലിന്യം മീനച്ചിലാറ്റിലൊഴുക്കി

കുടിവെള്ളം മലിനമായി
ഈരാറ്റുപേട്ട: കക്കൂസ്മാലിന്യം മീനച്ചിലാറ്റിലൊഴുക്കിയതിനെത്തുടര്‍ന്ന് ബാര്‍ഹോട്ടലിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ഈരാറ്റുപേട്ട മറീനാ ബാറിലെ മാലിന്യം വ്യാഴാഴ്ച പുലര്‍ച്ചെയാണ്  മീനച്ചിലാറ്റിലേക്ക് തുറന്നുവിട്ടത്. ദുര്‍ഗന്ധം അസഹനീയമായതോടെ രോഷാകുലരായ ജനം സംഘടിച്ച്  ബാറിനെതിരെ തിരിയുകയായിരുന്നു.  മാലിന്യം ഒഴുക്കിയതിന് 200 മീറ്റര്‍ അകലെയാണ്  കുടിവെള്ളം ശേഖരിക്കാന്‍ പമ്പ് സ്ഥാപിച്ചിരിക്കുന്നത് 500ഓളം കുടുംബങ്ങള്‍ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.
ജലവിതരണം നടക്കുന്നതിനിടയിലാണ് മാലിന്യം ഒഴുക്കിയതെന്നും പറയപ്പെടുന്നു. മനുഷ്യവിസര്‍ജ്യം ആറ്റിലാകെ ഒഴുകി പരന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇന്നു രാവിലെ കടുവാമുഴി പള്ളിയില്‍ നിസ്കാരത്തിനെത്തിയവര്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണു മീനച്ചിലാറ്റിലെ വെള്ളത്തില്‍ ദുര്‍ഗന്ധം കണെ്ടത്തിയത്. പിന്നീടു നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണു മാലിന്യം ബാറില്‍നിന്നു തള്ളിയതാണെന്നു കണെ്ടത്തിയത്.
നാട്ടുകാരില്‍ ചിലര്‍ ബാറിന്‍െറ മുന്‍വശത്തെ ഗ്‌ളാസുകള്‍ എറിഞ്ഞുടച്ചു. ഇതിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ  മാധ്യമ പ്രവര്‍ത്തകരെ ചിലര്‍ കടന്നാക്രമിച്ചു. 
ആക്രമണത്തില്‍ പരിക്കേറ്റ ദൃശ്യാ ചാനല്‍  കാമറാമാന്‍ പ്രിന്‍സ്,റിപ്പോര്‍ട്ടര്‍ ബിബിന്‍ എന്നിവര്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലാ ഡിവൈ.എസ്.പി. സാബു പി. ഇടിക്കുളയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. പാലാ ആര്‍.ഡി.ഒ. ജോയ് വര്‍ഗീസും സ്ഥലത്തെത്തിയിരുന്നു.
തുടര്‍ന്ന് ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണബോര്‍ഡ്, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവരും സ്ഥലത്തെത്തി. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും അതിന് ശേഷമേ ബാര്‍ തുറന്നു പ്രവര്‍ത്തിക്കാവൂ എന്നും കാട്ടി പഞ്ചായത്ത് ബാര്‍ ഉടമക്ക് നോട്ടീസ് നല്‍കി. മാലിന്യം ആറ്റിലൊഴുക്കിയ സംഭവത്തിലും, ബാറിനെതിരെ കല്ലെറിഞ്ഞ് നഷ്ടം വരുത്തിയതിനും മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലും പൊലീസ് കേസെടുത്തു.

No comments:

Post a Comment