Sunday, December 25, 2011

മീനച്ചിലാര്‍ സംരക്ഷണപദ്ധതിയുമായി എന്‍എസ്എസ് ക്യാമ്പ്

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് സപ്തദിനക്യാമ്പിനോടനുബന്ധിച്ച് മീനച്ചിലാര്‍ സംരക്ഷിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും. നാളെ മുതല്‍ ജനുവരി ഒന്നു വരെ പൂഞ്ഞാര്‍ ഗവ. എല്‍പി സ്കൂളിലാണു ക്യാമ്പ്. ക്യാമ്പിന്റെ ഭാഗമായി മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ കുടമുരുട്ടി മുതല്‍ പൂഞ്ഞാര്‍ പഞ്ചായത്ത് അതിര്‍ത്തിയായ മറ്റക്കാട് വരെയുള്ള അഞ്ചു കിലോമീറ്റര്‍ പ്രദേശത്തെ മീനച്ചിലാറിന്റെ ഇരുകരകളിലും നദീതീര സസ്യങ്ങളായ മുള, ഇല്ലി തുടങ്ങിയവ നട്ടുപിടിപ്പിക്കും. നദിയിലും തീരത്തും അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കും. പനച്ചിപ്പാറയില്‍നിന്നു നാളെ ഉച്ചകഴിഞ്ഞു മൂന്നിനു നദീസംരക്ഷണ സന്ദേശയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. വി.എന്‍. ശശിധരന്‍ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ ചേരുന്ന യോഗത്തില്‍ ചീഫ് വിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര അധ്യക്ഷത വഹിക്കും. എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഇ.ജി. രാജു, പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഉഷാ മേനോന്‍, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എ.ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍. നന്ദകുമാര്‍, വി.എസ്. വിനു, എസ്. വിനോദ്, ജോസിറ്റ് ജോണ്‍, പി.എസ്. അജയന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

No comments:

Post a Comment