Thursday, December 8, 2011

വൈസ് പ്രസിഡന്റ് സ്ഥാനം; ഈരാറ്റുപേട്ടയില്‍ കേരളാ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് ഭിന്നത രൂക്ഷം

ഈരാറ്റുപേട്ട: യു.ഡി.എഫ് ഭരിക്കുന്ന ഈരാറ്റുപേട്ട ഗ്രാമപ്പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഘടക കക്ഷികള്‍ തമ്മില്‍ ഭിന്നത രൂക്ഷമായി. കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും തമ്മിലാണ് തര്‍ക്കം തുടരുന്നത്. 17 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ യു.ഡി.എഫിന് 10ഉം എല്‍.ഡി.എഫിന് ആറും, ഒരു എസ്.ഡി.പി.ഐ പ്രതിനിധിയുമാണുള്ളത്.
യു.ഡി.എഫിലെ 10 സീറ്റുകളില്‍ ഏഴു സീറ്റു ലഭിച്ച മുസ്‌ലിം ലീഗിലെ പി കെ അലിയാര്‍ ആണ് പഞ്ചായത്ത് പ്രസിഡന്റ്. രണ്ടു സീറ്റ് ലഭിച്ച കോണ്‍ഗ്രസ്സിന് വൈസ്പ്രസിഡന്റ് സ്ഥാനം നല്‍കാതെ ഒരു സീറ്റു മാത്രം ലഭിച്ച മാണിഗ്രൂപ്പ് പ്രതിനിധിക്ക് നല്‍കിയതാണ് കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് ഭിന്നതക്ക് കാരണമായത്. അന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം മാണിഗ്രൂപ്പിലെ ഏക അംഗമായ സാലി തോമസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളായ രണ്ടുപേരും വിട്ടുനിന്നു. ലീഗിലെ ഏഴ് അംഗങ്ങളും ഒറ്റ കെട്ടായി വോട്ട് ചെയ്ത് സാലി തോമസ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു.
ശേഷം കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ ചേര്‍ന്ന് അഭിപ്രായ സമന്യചര്‍ച്ചകള്‍ നടത്തുകയും ഒരു വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ്സിലെ വനിതാ അംഗമായ ജെമീല അബ്്ദുര്‍റഹ്മാന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് പി സി ജോര്‍ജ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നതായും മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും മാണിഗ്രൂപ്പ് അംഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്തത് സംബന്ധിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് ഭിന്നത രൂക്ഷമായിട്ടുള്ളത്. ഇതു സംബന്ധിച്ച് പലതവണ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ ചീഫ് വിപ്പ് പി സി ജോര്‍ജുമായി ചര്‍ച്ച നടത്തിയിട്ടും തീരുമാനമായില്ല.
നിലവില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന കോണ്‍ഗ്രസ്സിലെ സി എം മുഹമ്മദ് സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനം രാജിവച്ച് ആസ്ഥാനം കേരളാ കോണ്‍ഗ്രസ് അംഗത്തിന് നല്‍കുകയാണെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ്സിന് നല്‍കാമെന്നാണ് കേരളാ കോണ്‍ഗ്രസ് തീരുമാനമെന്ന് അറിയുന്നു. ഇതിനിടെ തങ്ങള്‍ക്ക് അവകാശപ്പെട്ട വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ ഡി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയതായി പറയുന്നു. എന്നാല്‍ പഞ്ചായത്ത് ഭരിക്കുന്ന മുസ്‌ലിം ലീഗ് ഈ വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
(തേജസ്‌)

No comments:

Post a Comment