Friday, December 30, 2011

സിപിഎം ന്യൂനപക്ഷത്തിനെതിരെന്ന് തെറ്റായി പ്രചരിപ്പിച്ചു: പിണറായി

ഈരാറ്റുപേട്ട: വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മേഖലകളിലെ കച്ചവടവല്‍ക്കരണത്തിനെതിരെ ഇടതു സര്‍ക്കാര്‍ എടുത്ത നിലപാട് ന്യൂനപക്ഷത്തിനെതിരാണെന്നു ചിലര്‍ പ്രചരിപ്പിച്ചത് നിയമസഭാ തിരഞ്ഞെടുപ്പു പരാജയത്തിനു കാരണമായെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ക്രൈസ്തവരില്‍ ഒരുവിഭാഗം ഇടതിനെതിരാവാന്‍ ഇതു കാരണമായി. കാര്യമായ മുസ്‌ലിം പിന്തുണയും ലഭിച്ചില്ല. -അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ക്കായി ഇടതുപക്ഷം ഏറെക്കാര്യങ്ങള്‍ ചെയ്തു. സമസ്ത മേഖലയിലും വളര്‍ച്ചയുണ്ടാക്കി. ഈ സാഹചര്യമായിരുന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയമുണ്ടായി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറച്ചുവയ്ക്കാന്‍ വിവാദങ്ങള്‍ പരമാവധി പ്രചരിപ്പിച്ചു.- പിണറായി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണ് മുല്ലപ്പെരിയാര്‍. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസിനു നിലപാടില്ല. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതുക്കി നല്‍കിയ കരാറാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്.
കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം നടത്തിയ പ്രസ്താവന കോടതിയെ സ്വാധീനിക്കാനാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാത്തത് കോണ്‍ഗ്രസിന്റെ പാപ്പരത്തമാണു തെളിയിക്കുന്നത്.  സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ വി.എസ്. അച്യുതാനന്ദന്‍, എം.എ. ബേബി, പി.കെ. ഗുരുദാസന്‍, ഡോ. തോമസ് ഐസക്, വൈക്കം വിശ്വന്‍, എം.സി. ജോസഫൈന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍, ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, വി.എന്‍. ശശിധരന്‍, എന്നിവര്‍ പ്രസംഗിച്ചു. (മനോരമ)

No comments:

Post a Comment