Thursday, December 15, 2011

ജനപ്രതിനിധികള്‍ ഉത്തരവാദിത്വം മറക്കരുത് -ചീഫ് വിപ്പ്

ഈരാറ്റുപേട്ട: ജനപ്രതിനിധികള്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കരുതെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വൈദ്യുതി പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തീരുമാനമെടുക്കുന്നതിനുമായി ചേര്‍ന്ന യോഗത്തിലാണ് ചീഫ് വിപ്പ് ജനപ്രതിനിധികളോട് ഈ അഭ്യര്‍ഥന നടത്തിയത്.
പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തിടനാട്, ഈരാറ്റുപേട്ട, തീക്കോയി പഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്തംഗങ്ങള്‍, വൈദ്യുതിബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരുടെ യോഗമാണു വിളിച്ചുചേര്‍ത്തിരുന്നത്. എന്നാല്‍ യോഗത്തില്‍ ചുരുക്കംചില പഞ്ചായത്ത് മെംബര്‍മാരും പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ സെക്രട്ടറിമാരും മാത്രമാണു യോഗത്തിനെത്തിയത്. ഇതേത്തുടര്‍ന്നാണു ജനപ്രതിനിധികള്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കരുതെന്നു പി.സി. ജോര്‍ജ് പറഞ്ഞത്.
ഓരോ വാര്‍ഡിലെയും വൈദ്യുതിയെ സംബന്ധിച്ചുള്ള പരാതികള്‍ക്കു യോഗത്തില്‍വച്ചുതന്നെ പരിഹാരം കാണുന്നതിനുവേണ്ടി ചേര്‍ന്ന യോഗമാണ് മെംബര്‍മാരുടെ അസാന്നിധ്യത്തെത്തുടര്‍ന്നു പൂര്‍ണമായും നടപ്പിലാക്കാന്‍ സാധിക്കാതെ വന്നത്. 
അടുത്തതവണയും മെംബര്‍മാര്‍ ഈ നിലപാട് സ്വീകരിച്ചാല്‍ പിന്നീട് ഓരോ വാര്‍ഡിലും യോഗം ചേര്‍ന്ന് ജനങ്ങളോടു വിശദീകരണം നടത്താന്‍ എംഎല്‍എ എന്ന നിലയില്‍ താന്‍ തയാറാകുമെന്നു പി.സി. ജോര്‍ജ് മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര അധ്യക്ഷത വഹിച്ചു.
(ദീപിക)


No comments:

Post a Comment