Sunday, December 25, 2011

കുടിവെള്ള പദ്ധതികള്‍ പാതിവഴിയില്‍; ഈരാറ്റുപേട്ട മേഖലയില്‍ ജലക്ഷാമം രൂക്ഷം

ഈരാറ്റുപേട്ട: വേനല്‍ കടുത്തതോടെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷമായി. ജലക്ഷാമത്തിന് പരിഹാരം തേടി പല പഞ്ചായത്തുകളിലും ആരംഭിച്ച പദ്ധതികള്‍ പാതിവഴിയിലാണ്. 
മിക്ക പഞ്ചായത്തുകളിലും നാട്ടുകാര്‍ക്ക് ആശ്വാസമായിട്ടുള്ളത് ഏതാനും ചെറുകിട ജനകീയ ജലസേചന പദ്ധതികളാണ്. വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള തലനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് ഏറ്റവും വലുത്. തീക്കോയി ആറ്റില്‍ നിന്ന് ബൂസ്റ്റര്‍ പമ്പുകള്‍ സ്ഥാപിച്ച് തലനാട്ടിലെ കൂറ്റന്‍ ടാങ്കിലേക്ക് ജലമെത്തിച്ച് രണ്ടു പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും ജലമെത്തിക്കുന്ന പദ്ധതി ഇന്നും അവഗണനയിലാണ്. 
മുമ്പ് എല്ലാ പമ്പ് ഹൗസുകളിലും രണ്ടു വീതം മോട്ടോര്‍ പമ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നായി ചുരുങ്ങിയ അവസ്ഥയാണ്. അതുപോലെ ഈരാറ്റുപേട്ട, തലപ്പുലം, തീക്കോയി പഞ്ചായത്തിലെ ഏതാനും ചില വാര്‍ഡുകളില്‍ കുടിവെള്ളം എത്തിച്ചുകൊണ്ടിരുന്ന 40 വര്‍ഷം പഴക്കമുള്ള ഈലക്കയം പമ്പ് ഹൗസും കിണറും തകര്‍ന്നിട്ട് മൂന്നുമാസം കഴിഞ്ഞു. ഇപ്പോള്‍ മീനച്ചിലാറിന്റെ തീരത്ത് മോട്ടോര്‍ സ്ഥാപിച്ച് ജലം നേരിട്ട് പമ്പ് ചെയ്യുകയാണ്. 
വേനല്‍ ആയതോടെ ആറ്റിലെ നീരൊഴുക്ക് നിലച്ചതുമൂലം രോഗങ്ങള്‍ പടരാന്‍ സാധ്യതവര്‍ധിച്ചു. എന്നാല്‍  മുന്‍കരുതല്‍ സ്വീകരിക്കാന്‍ തയ്യാറാവാതെ ആറ്റിലെ ജലം നേരിട്ട് പമ്പു ചെയ്യുകയാണ്.
പൂഞ്ഞാര്‍ പഞ്ചായത്തിലെ തെക്കേക്കരവാട്ടര്‍ സപ്ലൈസ്കീമിന്റെ പ്രവര്‍ത്തനവും വ്യസ്ഥമല്ല. പല സ്ഥലങ്ങളിലും പൈപ്പു പൊട്ടി ജലം പാഴായിട്ടും പൈപ്പു നന്നാക്കാനുള്ള ശ്രമം അധികൃതര്‍ കാട്ടുന്നില്ല. പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായതിനാല്‍ ടാങ്കര്‍ ലോറികളില്‍ പണം നല്‍കി വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.

No comments:

Post a Comment