Saturday, December 17, 2011

സ്ത്രീധനത്തിനെതിരായ പോപുലര്‍ ഫ്രണ്ട് നിലപാട് സ്വാഗതാര്‍ഹം -ഈസാ മൗലവി

സ്ത്രീധന രഹിത സമൂഹ വിവാഹം ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍
ദേശീയ ട്രഷറര്‍ മുഹമ്മദ് ഈസാ മൗലവി ഉദ്ഘാടനം ചെയ്യുന്നു
ഈരാറ്റുപേട്ട: സ്ത്രീധനമെന്ന വിപത്തിനെതിരേ മാതൃകാപരമായ പ്രവര്‍ത്തനം പ്രവൃത്തി പഥത്തിലൂടെ തെളിയിക്കുന്ന പോപുലര്‍ ഫ്രണ്ട് നിലപാട് സ്വാഗതാര്‍ഹമാണെമെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ട്രഷറര്‍ മുഹമ്മദ് ഈസാ മൗലവി പറഞ്ഞു. 
പോപുലര്‍ഫ്രണ്ട് ഈരാറ്റുപേട്ട ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീധന - ആര്‍ഭാട രഹിത സമൂഹ വിവാഹ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീധനത്തിനും ആര്‍ഭാട വിവാഹങ്ങള്‍ക്കുമെതിരേയുള്ള യുവാക്കളുടെ കടന്ന് വരവ് സമൂഹത്തിന് മാതൃകയാണ്. എല്ലാ മദ്ഹബുകളിലും പ്രാമാണിക ഹദീസുകളിലുമില്ലാത്ത ഒന്നാണ് സ്ത്രീധന സമ്പ്രദായം. വിവാഹമെന്ന സുന്നത്തായ കര്‍മത്തില്‍ ഇസ്‌ലാമുമായി യാതൊരു ബന്ധവമില്ലാത്ത ചടങ്ങുകള്‍ ഇന്ന് കൂട്ടിചേര്‍ത്തിരിക്കകയാണ്.  സ്ത്രീധന സമ്പ്രദായത്തെ അംഗീകരിക്കുകയും അതിന് ഒത്താശ പാടുകയും ചെയ്യുന്നവരുടെ നിലപാടുകള്‍ വേദനാ ജനകമണെന്നും ഈസാമൗലവി പറഞ്ഞു. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന സ്ത്രീധനമെന്ന മാരക രോഗത്തെ അറുത്തുമാറ്റാന്‍ പണ്ഡിതന്‍മാരും യുവാക്കളും തയ്യാറാവണമെന്നും സമൂഹത്തില്‍ സ്ത്രീകളെ വില്‍പ്പന ചരക്കാക്കുന്ന ദുഷ്പ്രവണത തിരുത്താന്‍ പോപുലര്‍ ഫ്രണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതി അംഗം അബ്ദുല്‍ നാസര്‍ ബാഖവി പറഞ്ഞു. 
ഈരാറ്റുപേട്ട തെക്കേക്കര പാറയില്‍ മാഹിന്‍, നടയ്ക്കല്‍ ഈലക്കയം ഷാജി, തെക്കേക്കര കുന്നുപറമ്പില്‍ മാഹിന്‍ എന്നീ യുവാക്കളാണ് ഇസ്‌ലാം നിര്‍ബന്ധമാക്കിയ മഹ്ര്‍  വധുവിന് നല്‍കി വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഡിവിഷന്‍ പ്രസിഡന്റ് അയൂബ് ഖാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, മുഹിയിദ്ദീന്‍ പള്ളി ഇമാം വി പി സുബൈര്‍ മൗലവി, പുത്തന്‍ പള്ളി ഇമാം ഷിഹാബുദ്ദീന്‍ മൗലവി, മസ്ജിദുല്‍ അമാന്‍ പള്ളി ഇമാം സൈനുല്‍ അബ്ദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഷഹീദ് മൗലവി സ്വാഗതവും, പി എ ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. മാതാപിതാക്കളുടെ കണ്ണീരില്‍ ചാലിയ്ക്കാത്ത മാതൃകാ വിവാഹങ്ങമാണ് മസ്ജിദില്‍ നടന്നതെന്ന്   നിക്കാഹ് കര്‍മത്തിന് നേതൃത്വം നല്‍കിയ മുഹിയിദ്ദീന്‍ പള്ളി ഇമാം വി പി സൂബൈര്‍ മൗലവി പറഞ്ഞു. വിവാഹ കര്‍മത്തിനും പ്രാര്‍ഥനക്കും ഈസാമൗലവി നേതൃത്വം നല്‍കി. നൈനാര്‍പള്ളി ഇമാം മുഹമ്മദ് ഇസ്മായില്‍ മൗലവി, വിവിധ മഹല്‍ ഭാരവാഹികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, മദ്‌റസ അധ്യാപകര്‍ പങ്കെടുത്തു.
(Tejas)

No comments:

Post a Comment