Friday, December 30, 2011

വി.ഐ.പി വിവാദം: വി എസിനെതിരേ ഒളിയമ്പെയ്ത് പിണറായി

ഈരാറ്റുപേട്ട: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ വി എസ് അച്യുതാനന്ദനെതിരെ ഒളിയമ്പെയ്ത് പിണറായി വിജയന്‍. കേരള കോണ്‍ഗ്രസിന്റെ ഏകീകരണവും വിദ്യാഭ്യാസനയവും കോട്ടയത്ത് പാര്‍ട്ടി മനസ് വയ്ക്കാത്തതും നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണമായെന്ന് ജില്ലാ സെക്രട്ടറിയുടെ പ്രവര്‍ത്തന റിപോര്‍ട്ട്. 
കിളിരൂര്‍, കവിയൂര്‍ വി.ഐ.പി വിവാദം ചൂണ്ടിക്കാട്ടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വി എസിനെതിരെ ഒളിയമ്പെയ്തത്. വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വി.ഐ.പി വിവാദം വസ്തുതയില്ലാത്തതാണെന്ന് ഇപ്പോള്‍ വ്യക്്തമായില്ലേയെന്ന് പിണറായി വിജയന്‍ ചോദിച്ചു. വിവാദങ്ങള്‍ കൊണ്ട് സി.പി.എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് അന്വേഷണ ഏജന്‍സികളുടെ കണെ്ടത്തല്‍. അത് കൊണ്ട് വിവാദം ഉയര്‍ത്തിയവര്‍ ഇപ്പോള്‍ നിരാശരാണ്. വിദേശ ഫണ്ട് വിവാദവും ഒന്നുമല്ലാതെ കെട്ടടങ്ങി. നാലാംലോക വാദമുയര്‍ത്തിയവരും ഒന്നുമല്ലാതായി മാറിയെന്നും പിണറായി വിജയന്‍ പറഞ്ഞു. കിളിരൂര്‍, കവിയൂര്‍ കേസില്‍ വി.ഐ.പി വിവാദം ആദ്യം ഉയര്‍ത്തിയതും മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കി നിലനിര്‍ത്തിയതും വി എസ് അച്യുതാനന്ദനായിരുന്നു. 
വിദേശ ഫണ്ട് വിവാദത്തില്‍ ആരോപണം നേരിട്ട ഡോ. തോമസ് ഐസകും, എം എ ബേബിയും വേദിയിലിരിക്കേയാണ് വിവാദങ്ങള്‍ക്കൊണെ്ടാന്നും ഔദ്യോഗികപക്ഷത്തെ തളര്‍ത്താനാവില്ലെന്ന മുന്നറീപ്പ് പിണറായി വിജയന്‍ നല്‍കിയത്. രണ്ട് മണിക്കൂറിലേറെ നീണ്ടു നിന്ന ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലാണ് വി.ഐ.പി വിവാദം വസ്തുതയില്ലാത്തതാണെന്ന് തെളിഞ്ഞില്ലേയെന്ന് പിണറായി വിജയന്‍ ചോദിച്ചത്. പിന്നീടാണ് ജില്ലാ സെക്രട്ടറി കെ ജെ തോമസ് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചത്. കേരള കോണ്‍ഗ്രസ്സുകളുടെ ഏകീകരണമാണ് ജില്ലയിലെ തോല്‍വിയ്ക്ക് വഴിയൊരുക്കിയതെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ന്യൂനപക്ഷങ്ങളില്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയാതെ പോയെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 
 ഉച്ചകഴിഞ്ഞു നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളാണ് എം എ ബേബിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സ്വീകരിച്ച ചിലനിലപാടുകളും പരാമര്‍ശങ്ങളും സഭയും എന്‍.എസ്.എസ് നേതൃത്വവും എതിരാവാന്‍ കാരണമായി. അവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി മുന്‍കൈയെടുത്തില്ലെന്നും ചില പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കോട്ടയം നിയോജകമണ്ഡലത്തിലെ വി എന്‍ വാസവന്റെ തോല്‍വി ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നു. സി.ഐ.ടി.യുവിലെ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനമാണ് നിസാര വോട്ടുകള്‍ക്ക്് വാസവന്‍ തോറ്റതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നു. 
 ചങ്ങനാശ്ശേരി, വൈക്കം, ഏറ്റുമാനൂര്‍, പാലാ, കോട്ടയം ഏരിയാ കമ്മിറ്റികളില്‍ വിഭാഗിയത നിലനില്‍ക്കുന്നതായും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇന്നും ചര്‍ച്ച തുടരും. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ പാര്‍വതീ ദേവി, എം ആര്‍ ജയഗീത, വി എന്‍ വാസവന്‍, പി കെ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനംതുടരും. വി എസ് അച്യുതാനന്ദന്‍, എം എ ബേബി, പി കെ ഗുരുദാസന്‍, തോമസ് ഐസക്, വൈക്കം വിശ്വന്‍, എം സി ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
(തേജസ്)

No comments:

Post a Comment