Wednesday, December 7, 2011

സിപിഎം ജില്ലാ സമ്മേളനം ഈരാറ്റുപേട്ടയില്‍; വിഎസും പിണറായിയും പങ്കെടുക്കും


ഈരാറ്റുപേട്ട:  സിപിഎം കോട്ടയം ജില്ലാ സമ്മേളനം 28 മുതല്‍ 31 വരെ ഈരാറ്റുപേട്ടയില്‍ നടക്കും. മലയോരപ്രദേശമായ ഈരാറ്റുപേട്ടയില്‍ ആദ്യമായി നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. ആച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികളും സെമിനാറുകളും വടംവലി മത്സരവും പതിനായിരം പേരുടെ ചുവപ്പുസേനാ മാര്‍ച്ചും നടക്കും.
വിഎസിനും പിണറായിക്കും പുറമേ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ തോമസ് ഐസക്, എം.എ. ബേബി, പി.കെ. ഗുരുദാസന്‍, എം.സി. ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. 28നു വൈകുന്നേരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു കൊടിമരപ്രയാണ ജാഥകള്‍ ഈരാറ്റുപേട്ടയില്‍ സംഗമിക്കും. തുടര്‍ന്നു ഗാനമേള.
29നു രാവിലെ പി.ടി.എം.എസ് ഓഡിറ്റോറിയത്തിലാണു പ്രതിനിധി സമ്മേളനം. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഏഴാച്ചേരി രാമചന്ദ്രന്‍, ആര്‍. പാര്‍വതിദേവി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് സെന്‍ട്രല്‍ ജംഗ്ഷനില്‍ കൈരളി ടിവിയുടെ പട്ടുറുമാല്‍ മെഗാഷോ അരങ്ങേറും.
30നു വൈകുന്നേരം നടക്കുന്ന "മതന്യുനപക്ഷങ്ങളും കേരളവും' എന്ന സെമിനാറില്‍ തോമസ് ഐസക്, കെ.ടി. ജലീല്‍ എന്നിവര്‍ പങ്കെടുക്കും. വസന്തകുമാറിന്റെ കഥാപ്രസംഗം അരങ്ങേറും. 31ന് ഉച്ചകഴിഞ്ഞു മൂന്നിനു കടുവാമുഴി ജംഗ്ഷനില്‍നിന്നു ബഹുജനറാലിയും ചുവപ്പുസേനാമാര്‍ച്ചും ആരംഭിക്കും.
സമ്മേളനത്തിന്റെ ഭാഗമായി 16നു വിദ്യാര്‍ഥി വിളംബര റാലിയും 24നു ബാലസംഘത്തിന്റെ റാലിയും നടക്കും. 17നു തിടനാട്ടില്‍ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരം, 18നു പനച്ചിപ്പാറയില്‍ വനിതാ സംഗമവും കൊല്ലപ്പള്ളിയില്‍ മാധ്യമ സെമിനാറും നടത്തും. ടി.എന്‍. സീമ, പി.കെ. സൈനബ, സെബാസ്റ്റ്യന്‍ പോള്‍, ഗൗരിദാസന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.അഡ്വ. വി.എന്‍. ശശിധരന്‍ ചെയര്‍മാനും ഏരിയാ സെക്രട്ടറി ജോയി ജോര്‍ജ് സെക്രട്ടറിയുമായ സ്വാഗതസംഘമാണു സമ്മേളനത്തിനു ചുക്കാന്‍ പിടിക്കുന്നത്.

No comments:

Post a Comment