Sunday, January 1, 2012

ന്യൂനപക്ഷവിഭാഗങ്ങളുടെ തെറ്റിദ്ധാരണ മാറ്റും കെ.ജെ. തോമസ്

ഈരാറ്റുപേട്ട: സി.പി.എം. ജില്ലാ സമ്മേളനത്തില്‍ വിഭാഗീയതകള്‍ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് പറഞ്ഞു. വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് പ്രതിനിധി സമ്മേളനം പൂര്‍ത്തിയായത്. ജില്ലാ കമ്മിറ്റിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഐകകണേ്ഠ്യനയായിരുന്നു. സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി തുടര്‍പ്രവര്‍ത്തനങ്ങളും വേണ്ടിവന്നാല്‍ സമരങ്ങളും സംഘടിപ്പിക്കുമെന്നും കെ.ജെ. തോമസ് പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുമായി പാര്‍ട്ടിക്ക് എന്നും നല്ല ബന്ധമാണുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ചിലര്‍ ബോധപൂര്‍വം തെറ്റുധാരണ പരത്തുകയാണ്. തെറ്റുധാരണകള്‍ മാറ്റാന്‍ പാര്‍ട്ടി ശ്രമിക്കും.
ജില്ലാ പ്രതിനിധിസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസംഗിച്ചതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. വി.എസ്. പ്രസംഗിക്കാത്തതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന സംസ്ഥാന നേതാക്കന്മാരെല്ലാം സമ്മേളനത്തില്‍ പ്രസംഗിക്കാറില്ല.
പെട്രോളിയം വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് നല്‍കിയ അധികാരം പിന്‍വലിക്കുക, എം.സി. റോഡിന്റെ ജില്ലയിലുള്‍പ്പെട്ട ഭാഗത്തെ വികസന നടപടികള്‍ ത്വരപ്പെടുത്തുക, കര്‍ഷകര്‍ക്ക് വളം സബ്‌സിഡി അനുവദിക്കുക, വൈദ്യുതി മേഖലയില്‍ സാമൂഹിക നീതി തകര്‍ക്കുന്ന നടപടികള്‍ പിന്‍വലിക്കുക, അഴിമതി സമ്പൂര്‍ണമായി ഒഴിവാക്കാനുള്ള നടപടികള്‍ ഉള്‍പ്പെടുത്തി ലോക്പാല്‍ ബില്‍ നടപ്പാക്കുക, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരിക, സേവനമേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഒഴിവാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചതായും കെ.ജെ. തോമസ് പറഞ്ഞു. അഡ്വ. വി.എന്‍. ശശിധരന്‍, വി.ആര്‍. ഭാസ്കരന്‍, ജോയി ജോര്‍ജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment