Wednesday, January 11, 2012

വൈസ് പ്രസിഡന്റ് സ്ഥാനം: ഈരാറ്റുപേട്ടയില്‍ യു.ഡി.എഫില്‍ തര്‍ക്കം

ഈരാറ്റുപേട്ട: മുന്നണിയുടെ കാലാവധി കഴിഞ്ഞിട്ടും വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാവാത്ത കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മെമ്പര്‍ക്കെതിരേ ഭരണ കക്ഷിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത്. 
യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഭരണം നടത്തിവരുന്ന ഈരാറ്റുപേട്ട ഗ്രാമപ്പഞ്ചായത്തില്‍ മുസ്‌ലിം ലീഗിലെ പി കെ അലിയാര്‍ പ്രസിഡന്റായും മാണി ഗ്രൂപ്പിലെ സാലി തോമസ് വൈസ് പ്രസിഡന്റായും കഴിഞ്ഞ 14 മാസമായി ഭരണം നടത്തിവരികയാണ്. 
മുന്നണി ധാരണപ്രകാരം ഒരു വര്‍ഷം കഴിയുമ്പോള്‍ സാലിതോമസ് രാജിവച്ച് കോണ്‍ഗ്രസ് അംഗമായ ജെമീല അബ്്ദുര്‍റഹ്മാന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ പി സി ജോര്‍ജ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കരാറുണ്ടാക്കിയിരുന്നു. 
ഇതനുസരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും സാലി തോമസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്തത് സംബന്ധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പലതവണ ചീഫ് വിപ്പുമായി ബന്ധപ്പെട്ടിട്ടും സാലി തോമസിനെ രാജിവയ്പ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഒരു മറുപടിയും  ലഭിച്ചില്ല. 
നിലവില്‍ മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ ഇത് സംബന്ധിച്ച് ഡി.സി.സി പ്രസിഡന്റിനു പരാതി നല്‍കിയിരിക്കുകയാണ്. മുന്നണി മര്യാദ പ്രകാരം സാലിതോമസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment