Tuesday, January 10, 2012

എ.എസ്.ഐക്ക് കൈക്കൂലി നല്‍കിയില്ല; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടതായി പരാതി

ഈരാറ്റുപേട്ട: ന്യൂ ഇയര്‍ സമ്മാനമായി  എ.എസ്്.ഐ കൈക്കൂലി  നല്‍കാത്തതിന്റെ പേരില്‍ നിറയെ യാത്രക്കാരുമായി വന്ന സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി ബസ് റൂട്ടിലോടാന്‍ യോഗ്യമല്ലെന്ന് പറഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടതായി  പരാതി. 
ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ 15 വര്‍ഷമായി സര്‍വീസ് നടത്തിവരുന്ന റോബിന്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബസ്സാണ് തടഞ്ഞതെന്ന് ഉടമ പാറയില്‍ ബേബി ഗിരീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിടനാട് സ്റ്റേഷനിലെ അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയശങ്കറിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍വീസ് മുടങ്ങിയ ഇനത്തിലുള്ള നഷ്ടവും എ.എസ്.ഐയില്‍ നിന്ന് ഇടാക്കണമെന്നും ആവശ്യപ്പെട്ട് പാലാ ഡിവൈ. എസ്.പി, ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഗിരീഷ് പറഞ്ഞു. ഈ മാസം ആറിന് രാവിലെ 8.30ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഈരാറ്റുപേട്ടക്ക് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരുമായി വന്ന ബസ്സാണ് പിണ്ണാക്കനാടുവച്ച് പോലിസ് തടഞ്ഞത്. 
പിന്നീട് യാത്രക്കാരെ ഇറക്കിവിട്ടു സര്‍വീസ് പരിശോധനക്ക് ബസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിയമം എ.എസ്.ഐ ലംഘിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് എ.എസ്.ഐ ജയശങ്കര്‍ തന്റെ കാറിന് രണ്ട് ടയര്‍ വാങ്ങുന്നതിന് പണമോ അല്ലെങ്കില്‍ ടയറോ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിന്റെ പേരിലാണ് ബസ് കസ്റ്റഡിയിലെടുത്ത് തന്നെ മാനസികമായി പീഡിപ്പിക്കുന്നതെന്ന് ഗിരീഷ് പറഞ്ഞു. ബസ് പരിശോധനക്കായി തടഞ്ഞു നിര്‍ത്തി കേസ് എടുക്കുന്ന എ.എസ്.ഐയുടെ നടപടിക്കെതിരേ ഇന്ന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിലോടുന്ന ബസ്സുകള്‍ രണ്ടു മണിക്കൂര്‍ സര്‍വീസ് നിര്‍ത്തിവച്ച് സൂചനാ പണിമുടക്ക് നടത്തുമെന്ന് സി.ഐ.ടി.യു യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു.


കാഞ്ഞിരപ്പള്ളിറൂട്ടില്‍ ബസ് പണിമുടക്കും

ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവര്‍ക്കെതിരെ അകാരണമായി കേസെടുത്ത തിടനാട് പൊലീസിനെതിരെ നടപടിയെടൂക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ നാളെ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെ സൂചനാപണിമുടക്ക് നടത്തും. യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരമാവധി ബുദ്ധിമുട്ട് ഇല്ലാത്തരീതിയിലായിരിക്കും സൂചനാപണിമുടക്ക് നടത്തുന്നതെന്നു തൊഴിലാളി പ്രതിനിധികള്‍ അറിയിച്ചു.
കഴിഞ്ഞമാസം ആറിന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിലോടുന്ന റോബിന്‍ മോട്ടോഴ്‌സ് ബസിന് സര്‍വീസ് നടത്തുന്നതിന് ആവശ്യമായ ഫിറ്റ്‌നെസ് ഇല്ലെന്നു കാണിച്ചാണ് തിടനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇക്കാര്യം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കുകയും ഇവര്‍ പരിശോധന നടത്തുകയും ബസ് വിട്ടുകൊടുക്കുകയും ചെയ്തു.
തുടര്‍ന്നാണ് അപകടകരമായി വാഹനമോടിച്ചുവെന്ന് കാണിച്ച് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ഇതേത്തുടര്‍ന്നാണ് സൂചനാപണിമുടക്ക് നടത്താന്‍ തൊഴിലാളിയൂണിയനുകള്‍ തീരുമാനിച്ചിരിക്കുന്നത്.

No comments:

Post a Comment