ഈരാറ്റുപേട്ട: സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പൂഞ്ഞാറിലെ തന്റെ ഒളിവിലെ ഓര്‍മകള്‍ പങ്കുവച്ചത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.
പുന്നപ്ര വയലാര്‍ സമരത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ 1946ല്‍ വി.എസ്സിന് അറസ്റ്റുവാറണ്ട് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്ന് പാര്‍ട്ടി ആക്ടിങ് സെക്രട്ടറിയായിരുന്ന പി.ടി. പുന്നൂസിന്റെ നിര്‍ദേശപ്രകാരം കോട്ടയത്ത് ഒളിവില്‍ താമസിക്കാന്‍ എത്തുന്നത്.
കോട്ടയം ജില്ലാ സെക്രട്ടറി സി.എസ്. ഗോപാലപിള്ളയോടൊപ്പമാണ് പൂഞ്ഞാറില്‍ ഒളിച്ചു താമസിക്കാന്‍ എത്തുന്നത്. നേരത്തെ ഇ.കെ. നായനാര്‍ ഈ ഭാഗത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന കാര്യവും വി.എസ്. സ്മരിച്ചു.
പൂഞ്ഞാറില്‍ വിലാരിക്കല്‍ ഇട്ടുണ്ടന്റെ വീട്ടിലാണ് ആദ്യം ഒളിവില്‍ കഴിഞ്ഞത്. തുടര്‍ന്ന് നാലോളം വീടുകളില്‍ ഒളിവില്‍ കഴിയേണ്ടിവന്നതായും വി.എസ്. സ്മരിച്ചു. മേഖലയില്‍ ബീഡി തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും ചെത്തു തൊഴിലാളികളെയും കര്‍ഷകസംഘം പ്രവര്‍ത്തകരെയും സംഘടിപ്പിക്കാന്‍ ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചതായും വി.എസ്. പറഞ്ഞു.
പിന്നീട് ആരോ വിവരം ചോര്‍ത്തിക്കൊടുത്തതിനാല്‍വീട് വളഞ്ഞ് പോലീസ് തന്നെ പിടികൂടുകയായിരുന്നെന്നും വി.എസ്. അനുസ്മരിച്ചു.
വി.എസ്സിന്റെ സ്മരണകള്‍ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ കേട്ടത്. മുദ്രാവാക്യം വിളിയോടെ അവര്‍ ഓരോ വാക്കും എതിരേറ്റു. മുദ്രാവാക്യം വിളി ഉച്ചത്തിലായതോടെ പലര്‍ക്കും പ്രസംഗം കേള്‍ക്കാനാകാതെവന്നു. തുടര്‍ന്ന് വി.എസ്. തന്നെ പ്രവര്‍ത്തകരോട് ശാന്തരായി ഒച്ചവയ്ക്കാതെ പ്രസംഗം കേള്‍ക്കണമെന്ന് സ്വതസിദ്ധമായ ശൈലിയില്‍ ആവശ്യപ്പെടുകയും ചെയ്തു.
No comments:
Post a Comment