ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ടൗണില്‍ ആയിരങ്ങള്‍ അണിനിരന്ന ചുവപ്പിന്റെ കോട്ട കെട്ടിയ ബഹുജനറാലിയോടെ സി.പി.എം. ജില്ലാ സമ്മേളനത്തിന് സമാപനമായി.
വിപ്ലവാഭിവാദ്യങ്ങളുമായി പതിനായിരങ്ങളാണ് ജില്ലയുടെ കിഴക്കന്‍ മേഖലയിലേക്ക് ഒഴുകിയെത്തിയത്, പടിഞ്ഞാറോട്ടൊഴുകുന്ന മീനച്ചിലാറിനെതിരെ സംഘശക്തിയുടെ ബലത്തില്‍ ഒഴുകിയ ചുവപ്പ് നദി. കടുവാമൂഴിയില്‍ നിന്ന് വൈകീട്ട് 4 മണിയോടെ ആരംഭിച്ച ഒഴുക്ക് നിലച്ചത് ഏഴ് മണിയോടെ. പാര്‍ട്ടി കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ ബാന്‍ഡ് ട്രൂപ്പിന് പിന്നില്‍ ചിട്ടയോടെ അണിനിരന്ന ചുവപ്പ് സേനാ മാര്‍ച്ച്. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിവെച്ചടിവച്ച് നീങ്ങിയത് അയ്യായിരത്തോളം ചുവപ്പ് സേനാംഗങ്ങള്‍. പിന്നില്‍ ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, വി.ആര്‍. ഭാസ്കരന്‍, വി.എന്‍. വാസവന്‍, പി.കെ. ബിജു എം.പി, കെ. സുരേഷ്കുറുപ്പ് എം.എല്‍.എ, പി.എന്‍. പ്രഭാകരന്‍, ജോയി ജോര്‍ജ് എന്നിവര്‍ നയിച്ച പടുകൂറ്റന്‍ പ്രകടനം.
പ്രകടനത്തിന്റെ മുന്‍നിര പൊതുസമ്മേളനവേദിയായ ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ പ്രവേശിച്ചതോടെ സമ്മേളനം ആരംഭിച്ചു. പിന്നെയും മണിക്കൂറുകളെടുത്തു പ്രകടനത്തിന്റെ പിന്‍നിര വേദിക്ക് സമീപമെത്താന്‍.
ചെണ്ടമേളം, ബാന്‍ഡ്‌മേളം, മയിലാട്ടം, കോലുകളി തുടങ്ങിയ കലാരൂപങ്ങള്‍ പ്രകടനത്തെ മിഴിവുള്ളതാക്കി. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉള്‍പ്പെടെ സമകാലിക വിഷയങ്ങള്‍ അവതരിപ്പിച്ച നിശ്ചലദൃശ്യവും ശ്രദ്ധേയമായി.
പ്രകടനത്തില്‍ ഏറ്റവുമധികം ആളുകളെ പങ്കെടുപ്പിച്ചതിനുള്ള സമ്മാനം പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിയും രണ്ടാംസ്ഥാനം പാലാ ഏരിയാ കമ്മിറ്റിയും നേടി. ചുവപ്പുസേനാ മാര്‍ച്ചില്‍ പാലാ ഒന്നാംസ്ഥാനവും പൂഞ്ഞാര്‍ രണ്ടാംസ്ഥാനവും നേടി.
No comments:
Post a Comment