ഈരാറ്റുപേട്ട (കോട്ടയം): സര്‍ക്കാരിന്റെ വീഴ്ച മറച്ച് നിയമലംഘനം നടത്തിയാണ് പി.എസ്.സി. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ യു.ഡി.എഫ്. തുനിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഈരാറ്റുപേട്ടയില്‍ സി.പി.എം. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ സമാപനദിവസം ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട്‌ചെയ്തിരുന്നില്ല. ഈ വീഴ്ച മറയ്ക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടരുതെന്ന് കോടതി പറഞ്ഞിരുന്നു. എന്നിട്ടും, പി.എസ്.സി.യെ ഭീഷണിപ്പെടുത്തിയാണ് സര്‍ക്കാര്‍ അത് നീട്ടിയത്. ഇഷ്ടക്കാരെ സര്‍വീസില്‍ തിരുകിക്കയറ്റി അഴിമതി നടത്താനാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നും വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
പാമോയില്‍ അഴിമതിക്കേസില്‍ പ്രതിയായ ഉമ്മന്‍ചാണ്ടി, കേസില്‍നിന്ന് രക്ഷപ്പെടാനാണ് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിനെക്കൊണ്ട് കോടതിക്കെതിരെ കത്തയപ്പിച്ചത്. ചീഫ് വിപ്പിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിലെ മന്ത്രിമാരില്‍ ഏറെയും അഴിമതിക്കേസില്‍ പ്രതികളാണ്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ മന്ത്രിമാര്‍ കള്ളക്കളികള്‍ നടത്തുകയാണെന്നും വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ആത്മാര്‍ഥത കാണിക്കുന്നില്ല. തമിഴ്‌നാടിന് അനുകൂലമായ രീതിയില്‍ കേരളം ഹൈക്കോടതിയില്‍ അഭിപ്രായം പറഞ്ഞത് റവന്യുമന്ത്രിയുടെയും അഡ്വക്കേറ്റ് ജനറലിന്റെയും വീഴ്ചയാണ്. ഇവരെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യണം വി.എസ്. ആവശ്യപ്പെട്ടു.
പിറവത്ത് ഉപതിരഞ്ഞെടുപ്പ് ഫിബ്രവരിയില്‍ നടത്താന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് താന്‍ ഇലക്ഷന്‍ കമ്മീഷന് അയച്ച കത്തിനെക്കുറിച്ച് സര്‍ക്കാര്‍ അഭിപ്രായം പറയണം. ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍ചാണ്ടി സഹായധനം നല്‍കുന്നത് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാനാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഇത് നടക്കില്ലെന്നുകണ്ടാണ് സര്‍ക്കാര്‍ ഉപതിരഞ്ഞെടുപ്പിന്റെ തിയ്യതി നീട്ടാന്‍ ശ്രമിക്കുന്നതെന്നും വി.എസ്. പറഞ്ഞു.
അഴിമതിക്കെതിരെ ശക്തമായ നിയമം വന്നാല്‍ അതിനെ ഭയപ്പെടുന്നത് കോണ്‍ഗ്രസ്സുകാരായിരിക്കുമെന്നും അതുകൊണ്ടാണ് മികവുറ്റ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതെന്നും സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെതന്നെ രാജ്യത്തിന് ഭീഷണിയാണെന്ന് ചടങ്ങില്‍ സംസാരിച്ച എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി.ആര്‍. ഭാസ്കരന്‍, പി.കെ. ബിജു എം.പി., സുരേഷ്കുറുപ്പ് എം.എല്‍.എ, വി.എന്‍. വാസവന്‍, വി.എന്‍. ശശിധരന്‍, എം.ടി. ജോസഫ്, പി.എന്‍. പ്രഭാകരന്‍, ജോയി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment