Showing posts with label സിപിഎം. Show all posts
Showing posts with label സിപിഎം. Show all posts

Sunday, January 1, 2012

വിപ്ലവ സ്മരണകളുണര്‍ത്തിയ പൂഞ്ഞാറിന്റെ മണ്ണില്‍ സി.പി.എം. ജില്ലാ സമ്മേളനം കൊടിയിറങ്ങി


ഈരാറ്റുപേട്ട: ആദ്യകാല കമ്മ്യൂണിസ്റ്റ് കേന്ദ്രമായ പൂഞ്ഞാറിന്റെ മലമടക്കുകളില്‍ അവേശതിരയിളക്കി നാലുദിവസങ്ങളായി നടത്തിയ സി.പി.എം. ജില്ലാ സമ്മേളനത്തിന് ആവേശകരമായ സമാപനം. ഇ.കെ. നയനാര്‍, വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ സമുന്നത നേതാക്കള്‍ക്ക് ഒളിസങ്കേതമൊരുക്കിയ പൂഞ്ഞാറിന്റെ മണ്ണില്‍ പാര്‍ട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും ന്യൂനപക്ഷ മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സമ്മേളനവേദി കിഴക്കന്‍ മേഖലയിലേക്കു മാറ്റിയത്.
കൊടികളും ബാനറുകളും തോരണങ്ങളുമായി പൂഞ്ഞാറിനെ പൊതുവേയും ഈരാറ്റുപേട്ട നഗരത്തെ പ്രത്യേകിച്ചും ചുവപ്പിച്ച സമ്മേളനത്തില്‍ അണികളില്‍ ആവേശം വാരിവിതറാനായി പതിനഞ്ചു ദിവസം മുമ്പാരംഭിച്ച പ്രചാരണങ്ങളും സാംസ്കാരിക പരിപാടികളും സാധാരണ ജനങ്ങളെ സമ്മേളന ചൂടിലേക്ക് എത്തിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സമാപനദിവസം നടന്ന പൊതു പ്രകടനവും റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും നിരവധി പ്രകടനങ്ങളും ജാഥകളും അരങ്ങേറിയ ഈരാറ്റുപേട്ട ടൗണിനു പുതിയ അനുഭവമായി. ജനബാഹുല്യകൊണ്ടും അടുക്കും ചിട്ടയും കൊണ്ടും ശ്രദ്ധേയമായി.
സി.പി.എം. സാംസ്കാരിക പരിപാടികള്‍ക്കും വമ്പിച്ച ജനപങ്കാളിത്തം ഉണ്ടായി. പാര്‍ട്ടിയുടെ ഉന്നതനേതാക്കളായ പിണറായി, വി.എസ്., എം.എ. ബേബി, പി.കെ. ഗുരുദാസന്‍, ആനത്തലവട്ടം ആനന്ദന്‍, ഡോ. തോമസ് ഐസക്ക് എന്നിവര്‍ സമ്മേളനവേദിയില്‍ എത്തി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷനേതാവും മൂന്നു ദിവസവും സമ്മേളനത്തില്‍ സജീവസാന്നിധ്യമായത് അണികളിലും ജനങ്ങളിലും ആവേശത്തിരയിളക്കി.

ന്യൂനപക്ഷവിഭാഗങ്ങളുടെ തെറ്റിദ്ധാരണ മാറ്റും കെ.ജെ. തോമസ്

ഈരാറ്റുപേട്ട: സി.പി.എം. ജില്ലാ സമ്മേളനത്തില്‍ വിഭാഗീയതകള്‍ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് പറഞ്ഞു. വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് പ്രതിനിധി സമ്മേളനം പൂര്‍ത്തിയായത്. ജില്ലാ കമ്മിറ്റിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഐകകണേ്ഠ്യനയായിരുന്നു. സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി തുടര്‍പ്രവര്‍ത്തനങ്ങളും വേണ്ടിവന്നാല്‍ സമരങ്ങളും സംഘടിപ്പിക്കുമെന്നും കെ.ജെ. തോമസ് പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുമായി പാര്‍ട്ടിക്ക് എന്നും നല്ല ബന്ധമാണുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ചിലര്‍ ബോധപൂര്‍വം തെറ്റുധാരണ പരത്തുകയാണ്. തെറ്റുധാരണകള്‍ മാറ്റാന്‍ പാര്‍ട്ടി ശ്രമിക്കും.
ജില്ലാ പ്രതിനിധിസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസംഗിച്ചതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. വി.എസ്. പ്രസംഗിക്കാത്തതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന സംസ്ഥാന നേതാക്കന്മാരെല്ലാം സമ്മേളനത്തില്‍ പ്രസംഗിക്കാറില്ല.
പെട്രോളിയം വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് നല്‍കിയ അധികാരം പിന്‍വലിക്കുക, എം.സി. റോഡിന്റെ ജില്ലയിലുള്‍പ്പെട്ട ഭാഗത്തെ വികസന നടപടികള്‍ ത്വരപ്പെടുത്തുക, കര്‍ഷകര്‍ക്ക് വളം സബ്‌സിഡി അനുവദിക്കുക, വൈദ്യുതി മേഖലയില്‍ സാമൂഹിക നീതി തകര്‍ക്കുന്ന നടപടികള്‍ പിന്‍വലിക്കുക, അഴിമതി സമ്പൂര്‍ണമായി ഒഴിവാക്കാനുള്ള നടപടികള്‍ ഉള്‍പ്പെടുത്തി ലോക്പാല്‍ ബില്‍ നടപ്പാക്കുക, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരിക, സേവനമേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഒഴിവാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചതായും കെ.ജെ. തോമസ് പറഞ്ഞു. അഡ്വ. വി.എന്‍. ശശിധരന്‍, വി.ആര്‍. ഭാസ്കരന്‍, ജോയി ജോര്‍ജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഒളിവിലെ ഓര്‍മകള്‍ പങ്കുവച്ച് വി.എസ്.

ഈരാറ്റുപേട്ട: സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പൂഞ്ഞാറിലെ തന്റെ ഒളിവിലെ ഓര്‍മകള്‍ പങ്കുവച്ചത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

പുന്നപ്ര വയലാര്‍ സമരത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ 1946ല്‍ വി.എസ്സിന് അറസ്റ്റുവാറണ്ട് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്ന് പാര്‍ട്ടി ആക്ടിങ് സെക്രട്ടറിയായിരുന്ന പി.ടി. പുന്നൂസിന്റെ നിര്‍ദേശപ്രകാരം കോട്ടയത്ത് ഒളിവില്‍ താമസിക്കാന്‍ എത്തുന്നത്.
കോട്ടയം ജില്ലാ സെക്രട്ടറി സി.എസ്. ഗോപാലപിള്ളയോടൊപ്പമാണ് പൂഞ്ഞാറില്‍ ഒളിച്ചു താമസിക്കാന്‍ എത്തുന്നത്. നേരത്തെ ഇ.കെ. നായനാര്‍ ഈ ഭാഗത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന കാര്യവും വി.എസ്. സ്മരിച്ചു.
പൂഞ്ഞാറില്‍ വിലാരിക്കല്‍ ഇട്ടുണ്ടന്റെ വീട്ടിലാണ് ആദ്യം ഒളിവില്‍ കഴിഞ്ഞത്. തുടര്‍ന്ന് നാലോളം വീടുകളില്‍ ഒളിവില്‍ കഴിയേണ്ടിവന്നതായും വി.എസ്. സ്മരിച്ചു. മേഖലയില്‍ ബീഡി തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും ചെത്തു തൊഴിലാളികളെയും കര്‍ഷകസംഘം പ്രവര്‍ത്തകരെയും സംഘടിപ്പിക്കാന്‍ ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചതായും വി.എസ്. പറഞ്ഞു.
പിന്നീട് ആരോ വിവരം ചോര്‍ത്തിക്കൊടുത്തതിനാല്‍വീട് വളഞ്ഞ് പോലീസ് തന്നെ പിടികൂടുകയായിരുന്നെന്നും വി.എസ്. അനുസ്മരിച്ചു.
വി.എസ്സിന്റെ സ്മരണകള്‍ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ കേട്ടത്. മുദ്രാവാക്യം വിളിയോടെ അവര്‍ ഓരോ വാക്കും എതിരേറ്റു. മുദ്രാവാക്യം വിളി ഉച്ചത്തിലായതോടെ പലര്‍ക്കും പ്രസംഗം കേള്‍ക്കാനാകാതെവന്നു. തുടര്‍ന്ന് വി.എസ്. തന്നെ പ്രവര്‍ത്തകരോട് ശാന്തരായി ഒച്ചവയ്ക്കാതെ പ്രസംഗം കേള്‍ക്കണമെന്ന് സ്വതസിദ്ധമായ ശൈലിയില്‍ ആവശ്യപ്പെടുകയും ചെയ്തു.

റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടിയത് സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാന്‍വി.എസ്.

ഈരാറ്റുപേട്ട (കോട്ടയം): സര്‍ക്കാരിന്റെ വീഴ്ച മറച്ച് നിയമലംഘനം നടത്തിയാണ് പി.എസ്.സി. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ യു.ഡി.എഫ്. തുനിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഈരാറ്റുപേട്ടയില്‍ സി.പി.എം. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ സമാപനദിവസം ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട്‌ചെയ്തിരുന്നില്ല. ഈ വീഴ്ച മറയ്ക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടരുതെന്ന് കോടതി പറഞ്ഞിരുന്നു. എന്നിട്ടും, പി.എസ്.സി.യെ ഭീഷണിപ്പെടുത്തിയാണ് സര്‍ക്കാര്‍ അത് നീട്ടിയത്. ഇഷ്ടക്കാരെ സര്‍വീസില്‍ തിരുകിക്കയറ്റി അഴിമതി നടത്താനാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നും വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. 
പാമോയില്‍ അഴിമതിക്കേസില്‍ പ്രതിയായ ഉമ്മന്‍ചാണ്ടി, കേസില്‍നിന്ന് രക്ഷപ്പെടാനാണ് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിനെക്കൊണ്ട് കോടതിക്കെതിരെ കത്തയപ്പിച്ചത്. ചീഫ് വിപ്പിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിലെ മന്ത്രിമാരില്‍ ഏറെയും അഴിമതിക്കേസില്‍ പ്രതികളാണ്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ മന്ത്രിമാര്‍ കള്ളക്കളികള്‍ നടത്തുകയാണെന്നും വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ആത്മാര്‍ഥത കാണിക്കുന്നില്ല. തമിഴ്‌നാടിന് അനുകൂലമായ രീതിയില്‍ കേരളം ഹൈക്കോടതിയില്‍ അഭിപ്രായം പറഞ്ഞത് റവന്യുമന്ത്രിയുടെയും അഡ്വക്കേറ്റ് ജനറലിന്റെയും വീഴ്ചയാണ്. ഇവരെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യണം  വി.എസ്. ആവശ്യപ്പെട്ടു.
പിറവത്ത് ഉപതിരഞ്ഞെടുപ്പ് ഫിബ്രവരിയില്‍ നടത്താന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് താന്‍ ഇലക്ഷന്‍ കമ്മീഷന് അയച്ച കത്തിനെക്കുറിച്ച് സര്‍ക്കാര്‍ അഭിപ്രായം പറയണം. ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍ചാണ്ടി സഹായധനം നല്‍കുന്നത് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാനാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഇത് നടക്കില്ലെന്നുകണ്ടാണ് സര്‍ക്കാര്‍ ഉപതിരഞ്ഞെടുപ്പിന്റെ തിയ്യതി നീട്ടാന്‍ ശ്രമിക്കുന്നതെന്നും വി.എസ്. പറഞ്ഞു.
അഴിമതിക്കെതിരെ ശക്തമായ നിയമം വന്നാല്‍ അതിനെ ഭയപ്പെടുന്നത് കോണ്‍ഗ്രസ്സുകാരായിരിക്കുമെന്നും അതുകൊണ്ടാണ് മികവുറ്റ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതെന്നും സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെതന്നെ രാജ്യത്തിന് ഭീഷണിയാണെന്ന് ചടങ്ങില്‍ സംസാരിച്ച എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി.ആര്‍. ഭാസ്കരന്‍, പി.കെ. ബിജു എം.പി., സുരേഷ്കുറുപ്പ് എം.എല്‍.എ, വി.എന്‍. വാസവന്‍, വി.എന്‍. ശശിധരന്‍, എം.ടി. ജോസഫ്, പി.എന്‍. പ്രഭാകരന്‍, ജോയി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

ഈരാറ്റുപേട്ടയില്‍ ചുവപ്പ് കോട്ട കെട്ടി സി.പി.എം. ബഹുജനറാലി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ടൗണില്‍ ആയിരങ്ങള്‍ അണിനിരന്ന ചുവപ്പിന്റെ കോട്ട കെട്ടിയ ബഹുജനറാലിയോടെ സി.പി.എം. ജില്ലാ സമ്മേളനത്തിന് സമാപനമായി.
വിപ്ലവാഭിവാദ്യങ്ങളുമായി പതിനായിരങ്ങളാണ് ജില്ലയുടെ കിഴക്കന്‍ മേഖലയിലേക്ക് ഒഴുകിയെത്തിയത്, പടിഞ്ഞാറോട്ടൊഴുകുന്ന മീനച്ചിലാറിനെതിരെ സംഘശക്തിയുടെ ബലത്തില്‍ ഒഴുകിയ ചുവപ്പ് നദി. കടുവാമൂഴിയില്‍ നിന്ന് വൈകീട്ട് 4 മണിയോടെ ആരംഭിച്ച ഒഴുക്ക് നിലച്ചത് ഏഴ് മണിയോടെ. പാര്‍ട്ടി കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ ബാന്‍ഡ് ട്രൂപ്പിന് പിന്നില്‍ ചിട്ടയോടെ അണിനിരന്ന ചുവപ്പ് സേനാ മാര്‍ച്ച്. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിവെച്ചടിവച്ച് നീങ്ങിയത് അയ്യായിരത്തോളം ചുവപ്പ് സേനാംഗങ്ങള്‍. പിന്നില്‍ ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, വി.ആര്‍. ഭാസ്കരന്‍, വി.എന്‍. വാസവന്‍, പി.കെ. ബിജു എം.പി, കെ. സുരേഷ്കുറുപ്പ് എം.എല്‍.എ, പി.എന്‍. പ്രഭാകരന്‍, ജോയി ജോര്‍ജ് എന്നിവര്‍ നയിച്ച പടുകൂറ്റന്‍ പ്രകടനം.
പ്രകടനത്തിന്റെ മുന്‍നിര പൊതുസമ്മേളനവേദിയായ ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ പ്രവേശിച്ചതോടെ സമ്മേളനം ആരംഭിച്ചു. പിന്നെയും മണിക്കൂറുകളെടുത്തു പ്രകടനത്തിന്റെ പിന്‍നിര വേദിക്ക് സമീപമെത്താന്‍.
ചെണ്ടമേളം, ബാന്‍ഡ്‌മേളം, മയിലാട്ടം, കോലുകളി തുടങ്ങിയ കലാരൂപങ്ങള്‍ പ്രകടനത്തെ മിഴിവുള്ളതാക്കി. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉള്‍പ്പെടെ സമകാലിക വിഷയങ്ങള്‍ അവതരിപ്പിച്ച നിശ്ചലദൃശ്യവും ശ്രദ്ധേയമായി.
പ്രകടനത്തില്‍ ഏറ്റവുമധികം ആളുകളെ പങ്കെടുപ്പിച്ചതിനുള്ള സമ്മാനം പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിയും രണ്ടാംസ്ഥാനം പാലാ ഏരിയാ കമ്മിറ്റിയും നേടി. ചുവപ്പുസേനാ മാര്‍ച്ചില്‍ പാലാ ഒന്നാംസ്ഥാനവും പൂഞ്ഞാര്‍ രണ്ടാംസ്ഥാനവും നേടി.

ഈരാറ്റുപേട്ടയില്‍ ഗതാഗതനിയന്ത്രണം പാളി

ഈരാറ്റുപേട്ട: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ടയില്‍ ഇന്നലെ പോലീസ് ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണം പാളി. തൊടുപുഴ ഭാഗത്തുനിന്നു വരുന്ന ബസുകളും പോകുന്ന ബസുകളും എംഇഎസ് ജംഗ്ഷനില്‍നിന്നു ക്രോസ്‌വേ റോഡുവഴി പോകണമെന്നായിരുന്നു പോലീസിന്റെ നിര്‍ദേശം. എന്നാല്‍ ഈ റോഡില്‍ കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ടു ഒരു മാസത്തോളമായി ഇരുചക്രവാഹനങ്ങള്‍ക്കുപോലും കടന്നുപോകാന്‍ പറ്റാത്ത നിലയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. കടുവാമുഴി ജംഗ്ഷനില്‍നിന്നു പ്രകടനം ആരംഭിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പേ സെന്‍ട്രല്‍ ജംഗ്ഷനില്‍ പോലീസ് ഗതാഗതം തടസപ്പെടുത്തിയതുമൂലം മണിക്കൂറുകളോളം വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മുട്ടം ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാനാകുമായിരുന്നുവെന്ന വിലയിരുത്തലുകളുണ്ട്.

Saturday, December 31, 2011

റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും ഇന്ന്; ഗതാഗതത്തിനു ക്രമീകരണം

ഈരാറ്റുപേട്ട: സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുപ്രകടനം ആരംഭിക്കുന്ന വൈകീട്ട് നാലുമണിമുതല്‍ ഈരാറ്റുപേട്ട ടൗണില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് എസ്.ഐ. സിബി തോമസ് അറിയിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ അമ്പാറനിരപ്പേല്‍ കോളേജ് റോഡ്‌വഴിയും പാലായില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പനയ്ക്കപ്പാലത്തുനിന്ന് പ്ലാശനാല്‍ വെട്ടിപറമ്പ് റോഡ് വഴിയും തൊടുപുഴ റോഡില്‍കൂടി വരുന്ന വാഹനങ്ങള്‍ തോട്ടുമുക്ക് കോസ്‌വേ റോഡ്‌വഴിയും തീക്കോയി പൂഞ്ഞാര്‍ റോഡുവഴി വരുന്ന വാഹനങ്ങള്‍ അഹമ്മദ്കുരിക്കള്‍ നഗര്‍ കോസ്‌വേ റോഡ്‌വഴിയും തിരിച്ചുവിടും.


ഗതാഗതത്തിനു ക്രമീകരണം
ഈരാറ്റുപേട്ട: സി.പി.എം ജില്ലാ സമ്മേളനം ശനിയാഴ്ച സമാപിക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും വൈകീട്ട് ഈരാറ്റുപേട്ടയില്‍ നടക്കും.
വൈകീട്ട് 3ന് കടുവാമൂഴിയില്‍നിന്ന് ആരംഭിക്കുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ 5000 പേര്‍ പങ്കെടുക്കും. 4ന് കോളേജ് ജങ്ഷനില്‍ ആരംഭിക്കുന്ന മാര്‍ച്ചില്‍ മുപ്പതിനായിരം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രതിനിധികളും ബഹുജന മാര്‍ച്ചിന് നേതൃത്വം നല്‍കും. വൈകീട്ട് 5ന് ചേരുന്ന പൊതുസമ്മേളനം വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ എം.എ.ബേബി, പി.കെ.ഗുരുദാസന്‍, ടി.എം.തോമസ് ഐസക്ക്, വൈക്കം വിശ്വന്‍, എം.സി.ജോസഫൈന്‍, സംസ്ഥാന കമ്മിറ്റിയംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.



ഇടനിലക്കാര്‍ വേണ്ട; യാഥാസ്ഥിതികരുമായി സംവാദത്തിന് തയ്യാര്‍ ഡോ. തോമസ് ഐസക്ക്

ഈരാറ്റുപേട്ട: ഇടനിലക്കാരില്ലാതെ മതന്യൂനപക്ഷങ്ങളിലെ യാഥാസ്ഥിതികരുമായി സംവാദത്തിന് സി. പി. എം തയ്യാറാണെന്ന് പാര്‍ട്ടി കേന്ദ്രക്കമ്മറ്റിയംഗം ഡോ. ടി. എം. തോമസ് ഐസക്ക് എം. എല്‍. എ പറഞ്ഞു. സി. പി. എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ' മതന്യൂനപക്ഷവും കേരള സമൂഹവും ' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
'മതങ്ങളില്‍ നടക്കുന്ന പരിഷ്കരണങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കും.അപ്പോള്‍ത്തന്നെ, യാഥാസ്ഥിതികരെയും ഒപ്പം കൂട്ടാന്‍ ശ്രമിക്കും. അതിന് ഇടനിലക്കാര്‍ വേണ്ട. നിങ്ങള്‍ വരൂ, നമുക്ക് ചര്‍ച്ച ചെയ്യാം. തെറ്റുദ്ധാരണ മാറ്റാം. സ്വാശ്രയകാര്യത്തിലും ഇതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. 
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെ അപേക്ഷിച്ചും നല്ല ജീവിത സാഹചര്യമാണ് കേരളത്തിലുള്ളത്. കിടക്കാനിടം, റേഷന്‍, പട്ടിണിയില്ലാത്ത അവസ്ഥ എന്നിങ്ങനെ പല നല്ലകാര്യങ്ങളും ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന കാര്യം ഓര്‍ക്കണം. നല്ല കാര്യങ്ങള്‍ പലതും ചെയ്തു. പക്ഷേ, ന്യൂനപക്ഷങ്ങള്‍ക്കു ഇപ്പോഴും ഇങ്ങോട്ട് വരാനൊരു മടിയുണ്ട്. ഹിന്ദുമതത്തിലെ അന്തരീക്ഷമല്ല, കേരളത്തിലെ മതന്യൂനപക്ഷങ്ങളിലേത്. ഇവിടെ സവിശേഷമായ മറ്റൊരന്തരീക്ഷമാണുള്ളത്. അത് ഇടതുപക്ഷത്തിലേക്ക് ആ മതങ്ങളില്‍പ്പെട്ടവര്‍ വരുന്നതിനെ ചെറുക്കുന്നുണ്ട്. 
ഒരു ഘട്ടത്തില്‍ മുസ്‌ലിം ലീഗുമായും കേരള കോണ്‍ഗ്രസ്സുമായും ചേര്‍ന്നത് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. എന്നാല്‍ അതും വിജയിച്ചില്ല. ഇനി അങ്ങനെയൊന്നും വേണ്ട. നമുക്ക് തുറന്ന് ചര്‍ച്ച ചെയ്യാം.'തോമസ് ഐസക്ക് നിര്‍ദ്ദേശിച്ചു. 
മതത്തിന്റെ പേരില്‍ പുരോഹിതര്‍ എല്ലാം കൈയടക്കുന്നത് നോക്കി നിന്നതിന്‍േറയും പിന്തുണ നല്കിയതിന്‍േറയും ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ജോസഫ് പുലിക്കുന്നേല്‍ അഭിപ്രായപ്പെട്ടു. െ്രെകസ്തവര്‍ സ്ഥാപിച്ച സ്ഥാപനങ്ങളുടെ ഭരണച്ചുമതല പുരോഹിതര്‍ കൈയടക്കിവച്ചിരിക്കുന്നത് ശരിയല്ല. പുരോഹിതര്‍ അത് വിശ്വാസസമൂഹത്തിന് കൈമാറണം. അത് നിയമംമൂലം നടപ്പാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കൈയെടുക്കണം.
ന്യൂനപക്ഷങ്ങളെ തമസ്കരിച്ച് ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാനാവില്ലെന്ന് കെ. ടി. ജലീല്‍ എം. എല്‍. എ പറഞ്ഞു. സി. പി. എമ്മിന് ന്യൂനപക്ഷങ്ങളോട് വിശാലമായ സമീപനമാണുള്ളത്. ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് മുസ്‌ലിങ്ങള്‍ക്ക് അഭയം നല്‍കിയത്. ഭാരതം മത രാഷ്ട്രീയത്തെ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേഷ്കുറുപ്പ് എം. എല്‍. എ, മുന്‍ എം. പി. സി. എസ്. സുജാത, ഡോ. ബി. ഇക്ബാല്‍ എന്നിവരും പ്രസംഗിച്ചു.



Friday, December 30, 2011

പൂഞ്ഞാറില്‍ പാളിച്ചപറ്റിയെന്ന് സി.പി.എം സംഘടനാ റിപ്പോര്‍ട്ട്

ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനം വേണ്ടവിധം ഉപയോഗിക്കാത്തതിനാലാണു നിസാരവോട്ടുകള്‍ക്കു കോട്ടയം മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടതെന്നും അല്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ പരാജയം ഒഴിവാക്കാമായിരുന്നുവെന്നും സിപിഎം ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി കെ.ജെ. തോമസ് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം ഏരിയാ കമ്മിറ്റി വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.
പൂഞ്ഞാറില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പിന്മാറ്റത്തെത്തുടര്‍ന്നു സ്ഥാനാര്‍ഥിയെതേടി അലഞ്ഞതു നാണക്കേടുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ജില്ലയില്‍ സിപിഎമ്മിലുണ്ടായിരുന്ന വിഭാഗിയത പൂര്‍ണമായും അവസാനിച്ചതായും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ലോക്കല്‍, ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ടു പാലാ, ചങ്ങനാശേരി, വൈക്കം, തലയോലപ്പറമ്പ് ഏരിയകളില്‍ മത്സരവും വിഭാഗിയ പ്രവര്‍ത്തനം നടന്നതായും ഇതു നല്ല പ്രവണതയല്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. (deepika)



സിപിഎം ന്യൂനപക്ഷത്തിനെതിരെന്ന് തെറ്റായി പ്രചരിപ്പിച്ചു: പിണറായി

ഈരാറ്റുപേട്ട: വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മേഖലകളിലെ കച്ചവടവല്‍ക്കരണത്തിനെതിരെ ഇടതു സര്‍ക്കാര്‍ എടുത്ത നിലപാട് ന്യൂനപക്ഷത്തിനെതിരാണെന്നു ചിലര്‍ പ്രചരിപ്പിച്ചത് നിയമസഭാ തിരഞ്ഞെടുപ്പു പരാജയത്തിനു കാരണമായെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ക്രൈസ്തവരില്‍ ഒരുവിഭാഗം ഇടതിനെതിരാവാന്‍ ഇതു കാരണമായി. കാര്യമായ മുസ്‌ലിം പിന്തുണയും ലഭിച്ചില്ല. -അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ക്കായി ഇടതുപക്ഷം ഏറെക്കാര്യങ്ങള്‍ ചെയ്തു. സമസ്ത മേഖലയിലും വളര്‍ച്ചയുണ്ടാക്കി. ഈ സാഹചര്യമായിരുന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയമുണ്ടായി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറച്ചുവയ്ക്കാന്‍ വിവാദങ്ങള്‍ പരമാവധി പ്രചരിപ്പിച്ചു.- പിണറായി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണ് മുല്ലപ്പെരിയാര്‍. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസിനു നിലപാടില്ല. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതുക്കി നല്‍കിയ കരാറാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്.
കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം നടത്തിയ പ്രസ്താവന കോടതിയെ സ്വാധീനിക്കാനാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാത്തത് കോണ്‍ഗ്രസിന്റെ പാപ്പരത്തമാണു തെളിയിക്കുന്നത്.  സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ വി.എസ്. അച്യുതാനന്ദന്‍, എം.എ. ബേബി, പി.കെ. ഗുരുദാസന്‍, ഡോ. തോമസ് ഐസക്, വൈക്കം വിശ്വന്‍, എം.സി. ജോസഫൈന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍, ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, വി.എന്‍. ശശിധരന്‍, എന്നിവര്‍ പ്രസംഗിച്ചു. (മനോരമ)

'മതന്യൂനപക്ഷവും കേരള സമൂഹവും' സെമിനാര്‍ ഇന്ന്

ഈരാറ്റുപേട്ട: സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 'മതന്യൂനപക്ഷവും കേരള സമൂഹവും' എന്ന വിഷയത്തില്‍ വെള്ളിയാഴ്ച സെമിനാര്‍ നടത്തും. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്ക് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.മാരായ കെ.ടി.ജലീല്‍, കെ.സുരേഷ് കുറുപ്പ്, മുന്‍ എം.പി. സി.എസ്.സുജാത, ഡോ.ബി.ഇക്ബാല്‍, ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാത്രി 7 മണിക്ക് വസന്തകുമാര്‍ സാബശിവന്റെ കഥാപ്രസംഗം, ശനിയാഴ്ച 3 മണിക്ക് ചുവപ്പ്‌സേനാ മാര്‍ച്ച് കടുവാമുഴിയില്‍നിന്നും ബഹുജനറാലി കോളേജ് ജങ്ഷനില്‍ നിന്നും ആരംഭിക്കും. 5 മണിക്ക് പൊതുസമ്മേളനം നടക്കും. (മാതൃഭൂമി)

വി.ഐ.പി വിവാദം: വി എസിനെതിരേ ഒളിയമ്പെയ്ത് പിണറായി

ഈരാറ്റുപേട്ട: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ വി എസ് അച്യുതാനന്ദനെതിരെ ഒളിയമ്പെയ്ത് പിണറായി വിജയന്‍. കേരള കോണ്‍ഗ്രസിന്റെ ഏകീകരണവും വിദ്യാഭ്യാസനയവും കോട്ടയത്ത് പാര്‍ട്ടി മനസ് വയ്ക്കാത്തതും നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണമായെന്ന് ജില്ലാ സെക്രട്ടറിയുടെ പ്രവര്‍ത്തന റിപോര്‍ട്ട്. 
കിളിരൂര്‍, കവിയൂര്‍ വി.ഐ.പി വിവാദം ചൂണ്ടിക്കാട്ടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വി എസിനെതിരെ ഒളിയമ്പെയ്തത്. വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വി.ഐ.പി വിവാദം വസ്തുതയില്ലാത്തതാണെന്ന് ഇപ്പോള്‍ വ്യക്്തമായില്ലേയെന്ന് പിണറായി വിജയന്‍ ചോദിച്ചു. വിവാദങ്ങള്‍ കൊണ്ട് സി.പി.എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് അന്വേഷണ ഏജന്‍സികളുടെ കണെ്ടത്തല്‍. അത് കൊണ്ട് വിവാദം ഉയര്‍ത്തിയവര്‍ ഇപ്പോള്‍ നിരാശരാണ്. വിദേശ ഫണ്ട് വിവാദവും ഒന്നുമല്ലാതെ കെട്ടടങ്ങി. നാലാംലോക വാദമുയര്‍ത്തിയവരും ഒന്നുമല്ലാതായി മാറിയെന്നും പിണറായി വിജയന്‍ പറഞ്ഞു. കിളിരൂര്‍, കവിയൂര്‍ കേസില്‍ വി.ഐ.പി വിവാദം ആദ്യം ഉയര്‍ത്തിയതും മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കി നിലനിര്‍ത്തിയതും വി എസ് അച്യുതാനന്ദനായിരുന്നു. 
വിദേശ ഫണ്ട് വിവാദത്തില്‍ ആരോപണം നേരിട്ട ഡോ. തോമസ് ഐസകും, എം എ ബേബിയും വേദിയിലിരിക്കേയാണ് വിവാദങ്ങള്‍ക്കൊണെ്ടാന്നും ഔദ്യോഗികപക്ഷത്തെ തളര്‍ത്താനാവില്ലെന്ന മുന്നറീപ്പ് പിണറായി വിജയന്‍ നല്‍കിയത്. രണ്ട് മണിക്കൂറിലേറെ നീണ്ടു നിന്ന ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലാണ് വി.ഐ.പി വിവാദം വസ്തുതയില്ലാത്തതാണെന്ന് തെളിഞ്ഞില്ലേയെന്ന് പിണറായി വിജയന്‍ ചോദിച്ചത്. പിന്നീടാണ് ജില്ലാ സെക്രട്ടറി കെ ജെ തോമസ് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചത്. കേരള കോണ്‍ഗ്രസ്സുകളുടെ ഏകീകരണമാണ് ജില്ലയിലെ തോല്‍വിയ്ക്ക് വഴിയൊരുക്കിയതെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ന്യൂനപക്ഷങ്ങളില്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയാതെ പോയെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 
 ഉച്ചകഴിഞ്ഞു നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളാണ് എം എ ബേബിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സ്വീകരിച്ച ചിലനിലപാടുകളും പരാമര്‍ശങ്ങളും സഭയും എന്‍.എസ്.എസ് നേതൃത്വവും എതിരാവാന്‍ കാരണമായി. അവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി മുന്‍കൈയെടുത്തില്ലെന്നും ചില പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കോട്ടയം നിയോജകമണ്ഡലത്തിലെ വി എന്‍ വാസവന്റെ തോല്‍വി ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നു. സി.ഐ.ടി.യുവിലെ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനമാണ് നിസാര വോട്ടുകള്‍ക്ക്് വാസവന്‍ തോറ്റതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നു. 
 ചങ്ങനാശ്ശേരി, വൈക്കം, ഏറ്റുമാനൂര്‍, പാലാ, കോട്ടയം ഏരിയാ കമ്മിറ്റികളില്‍ വിഭാഗിയത നിലനില്‍ക്കുന്നതായും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇന്നും ചര്‍ച്ച തുടരും. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ പാര്‍വതീ ദേവി, എം ആര്‍ ജയഗീത, വി എന്‍ വാസവന്‍, പി കെ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനംതുടരും. വി എസ് അച്യുതാനന്ദന്‍, എം എ ബേബി, പി കെ ഗുരുദാസന്‍, തോമസ് ഐസക്, വൈക്കം വിശ്വന്‍, എം സി ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
(തേജസ്)

ജില്ലാ സമ്മേളനം: പ്രതിനിധികളെ നിരീക്ഷിച്ച് പ്രത്യേക സ്ക്വാഡ്

ഈരാറ്റുപേട്ട: ജില്ലാ സമ്മേളനത്തിന് എത്തിയ പ്രതിനിധികള്‍ നേതൃത്വത്തിന്റെ പ്രത്യേക നിരീക്ഷണ വലയത്തിലാണ്. സമ്മേളനവുമായി ബന്ധപ്പെട്ട് വിഭാഗിതയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും വാര്‍ത്തകള്‍ ചോരുന്നത് തടയാനാണ് പ്രതിനിധികള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. സംഘടനാ റിപോര്‍ട്ട് ഒരു കാരണവശാലും സമ്മേളന വേദിക്ക് പുറത്ത് കൊണ്ടുപോവാന്‍ പാടില്ല. സമ്മേളനത്തിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ റിപോര്‍ട്ട് തിരികെ വാങ്ങി.
 നിരീക്ഷണത്തിന് ജില്ലാ നേതൃത്വത്തിന്റെ വിശ്വസ്തരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരിക്കുന്നത്. സമ്മേളനത്തിനു ശേഷം ഇവര്‍ എവിടെയൊക്കെ പോവുന്നു, ഇവരെ ആരൊക്കെ സമീപിക്കുന്നവെന്ന് സ്ക്വാഡ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വിഭാഗിയത പ്രവര്‍ത്തനത്തിനോ മല്‍സരത്തിനോ കൂട്ടായി നീക്കം നടത്തുന്നുണേ്ടായെന്നും സ്ക്വാഡ്് നിരീക്ഷിക്കുന്നുണ്ട്.  പ്രതിനിധി സമ്മേളനം നടക്കുന്ന പി.ടി.എം.എസ് ഓഡിറ്റോറിയവും പരിസരവും കര്‍ശന നിരീക്ഷണത്തിലാണ്്. 
 50 ലേറെ റെഡ് വാളണ്ടിയര്‍മാരാണ് സമ്മേളന നഗറിന് കാവല്‍ നില്‍ക്കുന്നത്. പിണറായി വിജയന്റെ ഉദ്്ഘാടന സമ്മേളനത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ സമ്മേളന നഗരിക്ക് പുറത്ത് വളരെ അകലത്തിലാണ് നിര്‍ത്തിയത്. സമീപത്തേയ്ക്ക് അടുക്കാന്‍ പോലും പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.
(തേജസ്)

Thursday, December 29, 2011

സിപിഎം ജില്ലാ സമ്മേളനത്തിനു തുടക്കമായി

ഈരാറ്റുപേട്ട: രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണമിച്ച്, മുദ്രാവാക്യങ്ങളുടെ ആരവത്തില്‍ പതാക ഉയര്‍ത്തിയതോടെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപത്തെ ഹര്‍കിഷന്‍ സുര്‍ജിത് നഗറില്‍  സി.പി.എം. ജില്ലാ സമ്മേളനത്തിന് തുടക്കമായി.
ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളനവേദിയായ ഈരാറ്റുപേട്ടയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.എന്‍.ശശിധരനാണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് പ്രതിനിധിസമ്മേളനം നടക്കുന്ന പി.ടി.എം.എസ്. ഹാളില്‍ ജില്ലാ സെക്രട്ടറി കെ.ജെ.തോമസ് ദീപശിഖ തെളിച്ചു.
നേരത്തെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പതാക, കൊടിമര, ദീപശിഖ, കപ്പികയര്‍ റാലികള്‍ ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ സംഗമിച്ചു. ഇവിടെനിന്ന് ഘോഷയാത്രയായാണ് റാലി പൊതുസമ്മേളനവേദിയില്‍ എത്തിയത്.
ഘോഷയാത്രയുടെ മുന്‍നിരയില്‍ റെഡ് വളന്റിയര്‍മാരുടെ മാര്‍ച്ചും ഉണ്ടായിരുന്നു. നേതാക്കളുടെ അകമ്പടിയോടെ സമ്മേളനവേദിയിലെത്തിച്ച കൊടിമരം, ദീപശിഖ, പതാക, കപ്പികയര്‍ എന്നിവ ജില്ലാ സെക്രട്ടറി കെ.ജെ. തോമസിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.
ബുധനാഴ്ച രണ്ടുമണിക്ക് നീണ്ടൂര്‍ രക്തസാക്ഷിമണ്ഡപത്തില്‍നിന്നാണ് ദീപശിഖാറാലി പ്രയാണം ആരംഭിച്ചത്. നട്ടാശ്ശേരി കെ.പി.സുഗുണന്‍സ്മൃതിമണ്ഡപം, വൈക്കം പത്‌മേക്ഷണന്‍ സ്മൃതിമണ്ഡപം, കടുത്തുരുത്തി ഉമാദേവി അന്തര്‍ജനം സ്മൃതിമണ്ഡപം എന്നിവിടങ്ങളില്‍നിന്നാണ് പതാകഘോഷയാത്രകള്‍ ആരംഭിച്ചത്.
മുക്കൂട്ടുതറ വി.പി.ബോസ് സ്മൃതിമണ്ഡപം, വയല കെ.ഒ.വാസുദേവന്‍ സ്മൃതിമണ്ഡപം, നീലിമംഗലം ദാമോദരന്‍ രക്തസാക്ഷിമണ്ഡപം എന്നിവിടങ്ങളില്‍നിന്ന് കൊടിമരജാഥയും വടയാര്‍ തങ്കപ്പന്‍ രക്തസാക്ഷിമണ്ഡപം, ചങ്ങനാശ്ശേരി കെ.പി.രമണന്‍ രക്തസാക്ഷിമണ്ഡപം, കാനം ശിവന്‍പിള്ള സ്മൃതിമണ്ഡപം എന്നിവിടങ്ങളില്‍നിന്നാണ് ബാനര്‍ജാഥ പ്രയാണം തുടങ്ങിയത്.കപ്പികയര്‍ ജാഥകള്‍ തെള്ളകം എം.പി.ദേവസ്യ സ്മൃതിമണ്ഡപം, പുതുപ്പള്ളി എം.കെ. സുകുമാരന്‍ സ്മൃതിമണ്ഡപം, പള്ളം ടി.കെ. മാധവന്‍ രക്തസാക്ഷിമണ്ഡപം എന്നിവിടങ്ങളില്‍നിന്നാണ് ഈരാറ്റുപേട്ടയില്‍ എത്തിച്ചേര്‍ന്നത്.സാംസ്കാരികസമ്മേളനം നടക്കുന്ന സെന്‍ട്രല്‍ ജങ്ഷനില്‍ സ്വാഗതസംഘം സെക്രട്ടറി ജോയി ജോര്‍ജ് പതാക ഉയര്‍ത്തി. രാത്രിയില്‍ ഗാനമേളയും ഉണ്ടായിരുന്നു.

Wednesday, December 28, 2011

സിപിഎം ജില്ലാ സമ്മേളനം ഇന്ന് മുതല്‍

ഈരാറ്റുപേട്ട: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം. ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എത്തിച്ചേരുന്ന കൊടി, കൊടിമരം, കപ്പികയര്‍, ബാനര്‍ ജാഥകള്‍ എംഇഎസ് ജംക്ഷനില്‍ സംഘടിച്ച് പ്രകടനമായി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഹര്‍കിഷന്‍ സുര്‍ജിത് നഗറില്‍ എത്തി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാവും.
നാളെ സെന്‍ട്രല്‍ ജംക്ഷനില്‍ നടത്തുന്ന സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മതന്യൂനപക്ഷങ്ങളും കേരള സമൂഹവും എന്ന വിഷയത്തില്‍ 30ന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംക്ഷനില്‍ നടക്കുന്ന സെമിനാര്‍ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കെ.ടി ജലീല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
29ന് പിടിഎംഎസ് ഓഡിറ്റോറിയത്തിലെ കെ.പി സുഗുണന്‍ നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കും. 252 ജില്ലാ കമ്മിറ്റി പ്രതിനിധികളും 34 ജില്ലാ കമ്മിറ്റിയംഗങ്ങളും എട്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. 31ന് രാവിലെ ഒന്‍പതിന് പ്രതിനിധി സമ്മേളനം, മറുപടി, തിരഞ്ഞെടുപ്പുകള്‍ എന്നിവ നടത്തും.
മൂന്നിന് കടുവാമൂഴിയില്‍ നിന്നും ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന റെഡ് വൊളന്റിയര്‍മാര്‍ സമ്മേളന നഗറിലേക്ക് മാര്‍ച്ച് നടത്തും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യപ്രഭാഷണം നടത്തും.

Tuesday, December 27, 2011

ഈരാറ്റുപേട്ട ചുവപ്പണിയുന്നു; ആദ്യമായി

കോട്ടയം: സി.പി.എം. ജില്ലാ സമ്മേളനത്തിന് ഈരാറ്റുപേട്ട വേദിയാകുന്നത് ഇതാദ്യം. കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം, ഏറ്റുമാനൂര്‍ തുടങ്ങി ജില്ലയുടെ പല പ്രധാനകേന്ദ്രങ്ങളും ജില്ലാസമ്മേളനത്തിന് വേദിയായിട്ടുണ്ടെങ്കിലും പൂഞ്ഞാര്‍ ഏരിയയില്‍പ്പെട്ട ഈരാറ്റുപേട്ട വേദിയാകുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന് ശക്തി ക്ഷയിച്ച മേഖലയിലേക്കാണ് ചുവപ്പുപതാകകള്‍ എത്തുന്നതെന്നത് ശ്രദ്ധേയമാണ്. കിഴക്കന്‍മേഖലയില്‍ പാര്‍ട്ടിയുടെ ശക്തി ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് പാര്‍ട്ടി ലക്ഷ്യംവയ്ക്കുന്നത്.
മാത്രമല്ല, കര്‍ഷകപ്രാധാന്യമുള്ള മേഖല എന്ന നിലയില്‍ പാര്‍ട്ടിക്ക് ശക്തി വീണ്ടെടുക്കാനുള്ള വേദിയായിട്ടാകും ഈരാറ്റുപേട്ടയെ കാണുക. ന്യൂനപക്ഷമേഖല എന്ന നിലയിലും ഈരാറ്റുപേട്ടയില്‍ നടക്കുന്ന പാര്‍ട്ടിസമ്മേളനത്തിന് പ്രാധാന്യമുണ്ട്.

മാരത്തണ്‍ മത്സരം നടത്തി

ഈരാറ്റുപേട്ട: സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മാരത്തണ്‍ മത്സരം നടത്തി. ബേബി പ്ലാക്കൂട്ടം മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു. 25 പേര്‍ പങ്കെടുത്ത മത്സരത്തില്‍ മേലമ്പാറ വില്ലേജ് ആന്‍ഡ്  ലൈബ്രറിയിലെ അംഗം കെ.എസ് സുമേഷ് ഒന്നാമതെത്തി. പാലാ സെന്റ് തോമസിലെ സോബിന്‍ മാത്യു രണ്ടാം സ്ഥാനവും വിപിന്‍ ഫ്രാന്‍സീസ് മൂന്നാം സ്ഥാനവും നേടി. 
അരുവിത്തുറ ജംക്ഷനില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗം വി.എന്‍ ശശിധരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏരിയ സെക്രട്ടറി ജോയി ജോര്‍ജ്, ഇ.എ മോഹനന്‍, സി.എം സിറിയക്, എം.ടി ദേവസ്യാ, കെ.ആര്‍ ശശിധരന്‍, കെ.എം അലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സിപിഎം ജില്ലാ സമ്മേളനം നാളെ തുടങ്ങും

ഈരാറ്റുപേട്ട: സിപിഎം ജില്ലാസമ്മേളനം നാളെ മുതല്‍ 31 വരെ ഈരാറ്റുപേട്ടയില്‍ നടക്കും. 252 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. സമ്മേളനത്തിന്റെ സമാപന ദിനമായ 31നു മൂന്നിനു കടുവാമൂഴിയില്‍ നിന്നു നൂറു കണക്കിനു വൊളന്റിയര്‍മാര്‍ പങ്കെടുക്കുന്ന "ചുവപ്പു സേന മാര്‍ച്ചുംനാലു മണിക്കു കോളജ് ജംക്ഷനില്‍ നിന്നു 25,000 പേര്‍ പങ്കെടുക്കുന്ന ബഹുജന റാലിയും നടത്തുമെന്നു ജില്ലാസെക്രട്ടറി കെ.ജെ. തോമസ് പറഞ്ഞു.
നാളെ വൈകിട്ടു അഞ്ചിനു വിവിധ ഏരിയകളില്‍ നിന്നു ഏരിയ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ എത്തിച്ചേരുന്ന കൊടി-കൊടിമര, കപ്പി-കയര്‍, ബാനര്‍, ദീപശിഖ യാത്രകള്‍ക്കു  സ്വീകരണം. തുടര്‍ന്നു പൊതുസമ്മേളന നഗറിലും സാംസ്കാരിക സമ്മേളന നഗറിലും പതാക ഉയര്‍ത്തും. 5.30നു ദീപശിഖ സ്ഥാപിക്കല്‍. ഏഴിനു സെന്‍ട്രല്‍ ജംക്ഷനില്‍ ഗാനസന്ധ്യ. 29ാം തീയതി പ്രതിനിധി സമ്മേളനം പിടിഎംഎസ് ഓഡിറ്റോറിയത്തില്‍ നടത്തും. രാവിലെ ഒന്‍പതിനു പതാക ഉയര്‍ത്തല്‍ ,പുഷ്പാര്‍ച്ചന. 10.30നു ഉദ്ഘാടനം. തുടര്‍ന്നു റിപ്പോര്‍ട്ട്, പൊതുചര്‍ച്ച. നാലു മണിക്കു സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി.കെ.ഹരികുമാര്‍ അധ്യക്ഷത  വഹിക്കും. കേരള സമൂഹം ഇന്നലെ ഇന്ന് നാളെ എന്നതാണ് വിഷയം. 
രാത്രി എട്ടിനു ഗാനമേള. 30നു രാവിലെ ഒന്‍പതു മുതല്‍ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ടു അഞ്ചിനു മതന്യൂനപക്ഷവും കേരള സമൂഹവും 
എന്ന വിഷയത്തില്‍ സെമി നാര്‍ ഡോ.ടി.എം. തോമസ് ഐസക്ക് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഏഴിനു വസന്തകുമാര്‍ സാംബശിവന്റെ കഥാപ്രസംഗം. 31നു രാവിലെ പ്രതിനിധി സമ്മേളനം തുടരും. മറുപടി, തിരഞ്ഞെടുപ്പുകള്‍ എന്നിവ നടക്കും. 
വൈകിട്ട് അഞ്ചിനു പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സംസ്ഥാന നേതാക്കളായ എം.എ. ബേബി, പി.കെ. ഗുരുദാസന്‍, വൈക്കം വിശ്വന്‍, തോമസ് ഐസക്, എം.സി. ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ചു സ്ഥലങ്ങളില്‍ വിവിധ സെമിനാറുകള്‍ നടന്നു കഴിഞ്ഞതായി ജില്ല സെക്രട്ടറി കെ.ജെ. തോമസും സംസ്ഥാന കമ്മറ്റി അംഗം വി.ആര്‍. ഭാസ്കരനും പറഞ്ഞു. 
ഇന്ന് ആറിനു ഉല്‍പന്ന ജാഥകള്‍ക്കു സ്വീകരണവും ഉല്‍പന്നം ഏറ്റുവാങ്ങലും നടക്കും. ദീപശീഖ നീണ്ടൂര്‍ രക്തസാക്ഷിമണ്ഡപത്തില്‍നിന്നു സംസ്ഥാന കമ്മിറ്റി അംഗം വി.ആര്‍. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്യും. പതാകകള്‍ വൈക്കം പത്മേക്ഷണന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു പി.കെ. ഹരികുമാറും, നാട്ടശേരി കെപി. സുഗുണന്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു വി.എന്‍. വാസവനും, കടുത്തുരുത്തി ഉമാദേവി അന്തര്‍ജനത്തിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നു സി.ജെ. ജോസഫും ഉദ്ഘാടനം ചെയ്യും. കൊടിമരങ്ങള്‍ മുക്കൂട്ടുതറ വി.പി. ബോസിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നു പി.എന്‍.പ്രഭാകരനും ,കെ.ഒ വാസുദേവന്റെ സ്മൃതിമണ്ഡപത്തില്‍ല നിന്നു സി.ഒ.സുകുമാരനും നീലിമംഗലം ദാമോദരന്റെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു കെ.എന്‍. രവിയും ഉദ്ഘാടനം ചെയ്യും. 
കപ്പിയും കയറും തെള്ളകം എം.പി.ദേവസ്യയുടെ സ്മൃതിമണ്ഡപത്തില്‍ നിന്നു കെ.സുരേഷ്കുറുപ്പും പുതുപ്പള്ളി എം.കെ.സുകുമാരന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നു കെ.സി.ജോസഫും, പള്ളം ടി.കെ.മാധവന്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു എം.ടി.ജോസഫും ഉദ്ഘാടനം ചെയ്യും. ബാനറുകള്‍ വടയാര്‍ തങ്കപ്പന്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു വി.കെ. ഗോപിനാഥനും ചങ്ങനാശേരി കെ.പി. രമണന്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു പി.ജെ. സാമുവലും കാനം ശിവന്‍പിള്ള സ്മൃതിമണ്ഡപത്തില്‍ നിന്നു കാനം രാമകൃഷ്ണന്‍നായരും ഉദ്ഘാടനം ചെയ്യും. ജാഥകളെല്ലാം നാളെ രണ്ടിനു പുറപ്പെടും. 

Thursday, December 22, 2011

കാര്‍ഷിക സെമിനാര്‍ ഇന്ന് പൂഞ്ഞാറില്‍

ഈരാറ്റുപേട്ട: സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായുള്ള കാര്‍ഷിക സെമിനാര്‍ ഇന്നു നാലിനു പൂഞ്ഞാര്‍ തെക്കേക്കര ഇ.കെ. നായനാര്‍ സ്മാരക ഹാളില്‍ നടത്തും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. കെ.വി. രാമകൃഷ്ണന്‍, സത്യന്‍ മൊകേരി, പി.സി. തോമസ്, എന്‍.സി. ജോസഫൈന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

Wednesday, December 21, 2011

മാനേജ്‌മെന്‍റ് സ്കൂളുകളുടെ വക്താവാകാന്‍ മുഖ്യമന്ത്രിയുടെ ശ്രമം -എം.എ.ബേബി

ഈരാറ്റുപേട്ട: അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളുടെ വക്താവാകാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്ന് സി.പി.എംകേന്ദ്ര കമ്മറ്റിയംഗം എം.എ.ബേബി. സി.പി.എം. ജില്ലാ സമ്മേളനത്തോടബന്ധിച്ച് തീക്കോയിയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1957ല്‍ ഇ.എം.എസ് സര്‍ക്കാറിന്‍െറ കാലത്ത് ജോസഫ് മുണ്ടശേരി നടത്തിയ പരിഷ്കാരങ്ങളാണ് കേരള വിദ്യാഭ്യാസ രംഗത്ത് സമഗ്ര പുരോഗതി കൊണ്ടു വന്നത്. ഇതിനെ അട്ടിമറിച്ച കോണ്‍ഗ്രസുകാര്‍ നാളിതുവരെ മാനേജ്‌മെന്‍റ് താല്‍പ്പര്യങ്ങള്‍ക്കായാണ് നിലകൊണ്ടത്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന അനധികൃത ഇടപെടലുകള്‍ കേരളത്തിന് അപമാനമാണ്. പത്താം ക്‌ളാസ് വരെ അനധിക്യൃത സി.ബി.എസ്.ഇ സ്കൂളുകളില്‍ പഠിച്ച് പരീക്ഷ എഴുതാമെന്ന നിലപാട് വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകര്‍ച്ചയുണ്ടാക്കും. ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ കേരളം നേടിയ പുരോഗതി, മെറിറ്റുകള്‍ നോക്കാതെ ചട്ട വിരുദ്ധമായി നിയമനങ്ങള്‍ നടത്തുന്നത് മൂലം തകിടം മറിക്കുമെന്നും ബേബി പറഞ്ഞു. ഡോ.ബി. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു.