Sunday, December 11, 2011

ഗ്രഹണ നമസ്കാരം നടത്തി


ഈരാറ്റുപേട്ട: ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളില്‍ പ്രത്യേക നമസ്കാരം സംഘടിപ്പിച്ചു. മസ്ജിദുല്‍ ഹുദായില്‍ നടന്ന നമസ്കാരത്തിന് ഉനൈസ് മൗലവി നേതൃത്വം നല്‍കി. ശേഷം നടന്ന ഖുതുബ ഹാഷിര്‍ നദ് വിയും നിര്‍വഹിച്ചു. 

ഈരാറ്റുപേട്ടയിലും ഭൂചലനം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലും സമീപ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലും ഇന്നലെ നേരിയ തോതില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. മൂന്നിലവ്, മേലുകാവ്, പൂഞ്ഞാര്‍, കുന്നോന്നി, ഒറ്റയീട്ടി, തീക്കോയി തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ വൈകുന്നേരം 3.45 ഓടെ നേരിയ മുഴക്കമാണ് അനുഭവപ്പെട്ടത്. എങ്ങും നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെങ്കിലും ജനം ഭീതിയിലാണ്. കഴിഞ്ഞ മാസം 18 നും 26 നും ജൂലൈ 26 നും ഈ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ ചലനങ്ങളാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. ഇടുക്കി ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടു. 


കൂണ്‍കൃഷി പരിശീലനം


ഈരാറ്റുപേട്ട: റെഡീമര്‍ സ്വയംസഹായസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 13 നു രാവിലെ പത്തിന് ചിപ്പിക്കൂണ്‍ കൃഷി പരിശീലനം ഈരാറ്റുപേട്ട വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ഫോണ്‍: 9349826429.

Saturday, December 10, 2011

വിസിബ് സ്വാശ്രയ സഹകരണ സംഘത്തിന്റെ മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ പ്രകടനം

ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ സമരത്തിന് തെക്കേക്കര വിസിബ് സ്വാശ്രയ സഹകരണ സംഘത്തിന്റെ ഐക്യദാര്‍ഢ്യം. നൂറുകണക്കിന് വനിതകളെ പങ്കെടുപ്പിച്ച് അരുവിത്തുറ ജംഗ്ഷനില്‍നിന്ന് തുടങ്ങിയ റാലി ശ്രദ്ധേയമായി.

മലര്‍വാടി ചിത്ര രചനാ മത്സരം ഇന്ന്

ഈരാറ്റുപേട്ട: മലര്‍വാടി ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്്ഥാന ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി അല്‍മനാര്‍ സ്കൂളില്‍ രാവിലെ പത്ത് മണിക്ക് ചിത്രരചനാ മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

എകെസിസി മേഖലാ പ്രോജക്ട് ഉദ്ഘാടനവും മുല്ലപ്പെരിയാര്‍ സംരക്ഷണദിനവും

ഈരാറ്റുപേട്ട: എകെസിസി അരുവിത്തുറ മേഖലയുടെ ആഭിമുഖ്യത്തില്‍ പ്രോജക്ട് ഉദ്ഘാടനവും മുല്ലപ്പെരിയാര്‍ ഡാം സംരക്ഷണദിനവും നടത്തി. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോണ്‍സണ്‍ ചെറുവള്ളി അധ്യക്ഷത വഹിച്ചു. മേഖലാ പ്രോജക്ടിന്റെ ഉദ്ഘാടനം ഫാ. വിന്‍സെന്റ് കളരിയാമ്മാക്കല്‍ നിര്‍വഹിച്ചു. 
അരുവിത്തുറ ഫൊറോന വികാരി ഫാ. തോമസ് ഓലിക്കല്‍, സെന്റ് ജോര്‍ജ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി സെബാസ്റ്റിയന്‍ തോണിക്കുഴി, ജോസഫ് പരുത്തിയില്‍, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, സണ്ണി മാത്യു വടക്കേമുളഞ്ഞനാല്‍, അഡ്വ. ജോസ് വി. ജോര്‍ജ്, പി.ഡി. ജേക്കബ് പുല്ലാട്ട് എന്നിവര്‍ പ്രസംഗിച്ചു.

മുല്ലപ്പെരിയാര്‍ സമരത്തിന് നുസ്രത്തുല്‍ ഇസ്ലാം കുടുംബ സംഗമം ഐക്യദാര്‍ഢ്യം

ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ സമരത്തിന് നുസ്രത്തുല്‍ ഇസ്ലാം കുടുംബ സംഗമം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമ്പൂര്‍ണ കുടുംബ സംഗമവും രക്തബാങ്ക് രൂപീകരണവും ജനുവരിയില്‍ നടത്തും. വി.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കെ.എ. പരീത്, കെ.കെ. പരീക്കൊച്ച്, കെ.കെ. സലീം, സുലൈമാന്‍, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം


ഈരാറ്റുപേട്ട: ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ട്രസ്റ്റിന്റെ ഓഫീസ് ഈരാറ്റുപേട്ട ലീഗ് ഹൗസില്‍ മുസ്്‌ലിം ലീഗ് ജില്ലാ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.എം. ഷരീഫ് ഉദ്ഘാടനം ചെയ്തു. റിലീഫ് സെല്‍ ചെയര്‍മാന്‍ അബ്ബാസ് പാറയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. മാഹീന്‍, ട്രഷറര്‍ പി.എ. ഹാഷിം, ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വ.പി. മജീദ്, വി.എച്ച്. നാസര്‍, എസ്.എം. ഷരീഫ്, പി.എം. അബ്ദുല്‍ ഖാദര്‍, വി.പി. നാസര്‍, സി.പി. ബാസിത്, വി.എം. സിറാജ്, കെ.എച്ച്. ലത്തീഫ്, കെ.പി.എ. കരീം, പി.ടി. ബഷീര്‍ കുട്ടി, സുഹാസ് എം. റസാഖ്, ഹസന്‍, സിറാജ് കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. 

Friday, December 9, 2011

പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി പൂര്‍വ വിദ്യാര്‍ഥി സമ്മേളനം

ഈരാറ്റുപേട്ട: പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി സമ്മേളനം സൗഹൃദം 2011 നാളെ രണ്ടിനു സ്കൂള്‍ ഹാളില്‍ നടക്കും. മുന്‍ ഹെഡ്മാസ്റ്റര്‍ ടി.ഒ. മാത്യു അധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യാതിഥിയായിരിക്കും.  
പൂര്‍വ വിദ്യാര്‍ഥികളായ റവ. ഡോ. സെബാസ്റ്റിയന്‍ ആലപ്പാട്ടുകുന്നേല്‍, ഡോ. കെ.എന്‍. മുരളീധരന്‍ നായര്‍, പ്രഫ. കെ. രാജേന്ദ്രന്‍, ഡോ. പയസ് തോമസ്, പ്രഫ. എം. ഗോപാലകൃഷ്ണന്‍ നായര്‍, പ്രഫ. തങ്കച്ചന്‍ മാത്യു എന്നിവര്‍ കലാലയ സ്മരണകള്‍ പങ്കുവയ്ക്കും. രാവിലെ 9.30 മുതല്‍ പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വടംവലി ഉള്‍പ്പെടെയുള്ള വിവിധ കലാ-കായിക മത്സരങ്ങളും പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

ചാനല്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ അറസ്റ്റില്‍

ഈരാറ്റുപേട്ട: പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കടുവാമൂഴി മാമ്പുഴയ്ക്കല്‍ തയ്യിബ്(30) കല്ലുവാതുക്കല്‍ അജ്മല്‍(34) എന്നിവരെയാണ് എസ്‌ഐ സിബി തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വ്യാഴം രാവിലെ ബാര്‍ ഹോട്ടലിലെ മാലിന്യങ്ങള്‍ മീനച്ചിലാറ്റിലൊഴുക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ചാനല്‍ റിപ്പോര്‍ട്ടര്‍ ബിബിന്‍ മാടപ്പള്ളിയും ക്യാമറാമാന്‍ പ്രിന്‍സും. ആറ്റില്‍ മാലിന്യങ്ങള്‍ ഒഴുക്കിയതിനെത്തുടര്‍ന്നു തടിച്ച കൂടി ജനക്കൂട്ടം ഹോട്ടലിന് നേരെ അക്രമം നടത്തുന്നതിനിടെയാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഇവരുടെ കൈവശമുണ്ടായിരുന്ന ക്യാമറയും നശിപ്പിച്ചിരുന്നു.

Thursday, December 8, 2011

മുല്ലപ്പെരിയാര്‍: സോഷ്യലിസ്റ്റ് ജനത സമര യാത്രക്ക് സ്വീകരണം

ഈരാറ്റുപേട്ട: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയൂ, കേരളത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ നയിച്ച ഉപവാസ സമര പ്രയാണ യാത്രക്ക് ഈരാറ്റുപേട്ടയില്‍ സ്വീകരണം നല്‍കി. സലീം മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. വി.ജെ. മാത്തുക്കുട്ടി, എന്‍.ടി. ലൂക്ക, ജോമോന്‍ ഐക്കര, വി.എം. സിറാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനം; ഈരാറ്റുപേട്ടയില്‍ കേരളാ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് ഭിന്നത രൂക്ഷം

ഈരാറ്റുപേട്ട: യു.ഡി.എഫ് ഭരിക്കുന്ന ഈരാറ്റുപേട്ട ഗ്രാമപ്പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഘടക കക്ഷികള്‍ തമ്മില്‍ ഭിന്നത രൂക്ഷമായി. കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും തമ്മിലാണ് തര്‍ക്കം തുടരുന്നത്. 17 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ യു.ഡി.എഫിന് 10ഉം എല്‍.ഡി.എഫിന് ആറും, ഒരു എസ്.ഡി.പി.ഐ പ്രതിനിധിയുമാണുള്ളത്.
യു.ഡി.എഫിലെ 10 സീറ്റുകളില്‍ ഏഴു സീറ്റു ലഭിച്ച മുസ്‌ലിം ലീഗിലെ പി കെ അലിയാര്‍ ആണ് പഞ്ചായത്ത് പ്രസിഡന്റ്. രണ്ടു സീറ്റ് ലഭിച്ച കോണ്‍ഗ്രസ്സിന് വൈസ്പ്രസിഡന്റ് സ്ഥാനം നല്‍കാതെ ഒരു സീറ്റു മാത്രം ലഭിച്ച മാണിഗ്രൂപ്പ് പ്രതിനിധിക്ക് നല്‍കിയതാണ് കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് ഭിന്നതക്ക് കാരണമായത്. അന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം മാണിഗ്രൂപ്പിലെ ഏക അംഗമായ സാലി തോമസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളായ രണ്ടുപേരും വിട്ടുനിന്നു. ലീഗിലെ ഏഴ് അംഗങ്ങളും ഒറ്റ കെട്ടായി വോട്ട് ചെയ്ത് സാലി തോമസ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു.
ശേഷം കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ ചേര്‍ന്ന് അഭിപ്രായ സമന്യചര്‍ച്ചകള്‍ നടത്തുകയും ഒരു വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ്സിലെ വനിതാ അംഗമായ ജെമീല അബ്്ദുര്‍റഹ്മാന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് പി സി ജോര്‍ജ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നതായും മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും മാണിഗ്രൂപ്പ് അംഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്തത് സംബന്ധിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് ഭിന്നത രൂക്ഷമായിട്ടുള്ളത്. ഇതു സംബന്ധിച്ച് പലതവണ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ ചീഫ് വിപ്പ് പി സി ജോര്‍ജുമായി ചര്‍ച്ച നടത്തിയിട്ടും തീരുമാനമായില്ല.
നിലവില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന കോണ്‍ഗ്രസ്സിലെ സി എം മുഹമ്മദ് സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനം രാജിവച്ച് ആസ്ഥാനം കേരളാ കോണ്‍ഗ്രസ് അംഗത്തിന് നല്‍കുകയാണെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ്സിന് നല്‍കാമെന്നാണ് കേരളാ കോണ്‍ഗ്രസ് തീരുമാനമെന്ന് അറിയുന്നു. ഇതിനിടെ തങ്ങള്‍ക്ക് അവകാശപ്പെട്ട വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ ഡി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയതായി പറയുന്നു. എന്നാല്‍ പഞ്ചായത്ത് ഭരിക്കുന്ന മുസ്‌ലിം ലീഗ് ഈ വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
(തേജസ്‌)

ഡി.എച്ച്.ആര്‍.എം പ്രചാരണ യാത്രക്ക് സോളിഡാരിറ്റി സ്വീകരണം നല്‍കി


ഈരാറ്റുപേട്ട: പട്ടികജാതിവര്‍ഗ കോളനികളില്‍ സി.പി.എം നടത്തുന്ന മനുസ്മൃതി നിര്‍മിതിക്കെതിരെ ഡി.എച്ച്.ആര്‍.എം നടത്തുന്ന പ്രചാരണ യാത്രക്ക് സോളിഡാരിറ്റി ഈരാറ്റുപേട്ടയില്‍ സ്വീകരണം നല്‍കി. സലീന പ്രക്കാനത്തിന്റെ നേതൃത്വത്തില്‍ വെങ്ങാനൂര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍നിന്ന് നവംബര്‍ രണ്ടിന് ആരംഭിച്ച "മനുഷ്യനിര്‍മിതീ യാത്ര' 2012 ജനുവരി ഒമ്പതിന് തൃശൂരിലാണ് സമാപിക്കുന്നത്. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം, യൂനിറ്റ് പ്രസിഡന്റ് ഹിബ യൂസുഫ് എന്നിവര്‍ ജാഥാംഗങ്ങളെ ഹാരാര്‍പ്പണം നടത്തി.
--------------------------------------------------------------------------


ഡി.എച്ച്.ആര്‍.എം പ്രചാരണ യാത്ര ഈരാറ്റുപേട്ടയിലെത്തിയപ്പോള്‍.



കെമിസ്ട്രി എക്‌സിബിഷന് തുടക്കമായി

ഈരാറ്റുപേട്ട: മൂന്നു ദിവസം നീളുന്ന കെമിസ്ട്രി എക്‌സിബിഷന്‍ 'റാസ്മറഅറാസ് 2011' ന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ തുടക്കമായി. അന്താരഷ്ട്ര കെമിസ്ട്രി വര്‍ഷാചരണത്തോടനുബന്ധിച്ചാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. കെമിസ്ട്രിയെ മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരമൊരുക്കുന്ന എക്‌സിബിഷനില്‍ 40 സ്റ്റാളുകളും ത്രീഡി ഷോയും ഉണ്ട്.
വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, രക്ത ഗ്രൂപ്പ് നിര്‍ണയം, ബയോഗ്യാസ് പ്ലാന്റും പ്രവര്‍ത്തനവും, സോപ്പ് നിര്‍മാണം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. ഫാ. തോമസ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ബേബി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രദര്‍ശനം ഒന്‍പതിന് സമാപിക്കും.






Wednesday, December 7, 2011

സിപിഎം ജില്ലാ സമ്മേളനം ഈരാറ്റുപേട്ടയില്‍; വിഎസും പിണറായിയും പങ്കെടുക്കും


ഈരാറ്റുപേട്ട:  സിപിഎം കോട്ടയം ജില്ലാ സമ്മേളനം 28 മുതല്‍ 31 വരെ ഈരാറ്റുപേട്ടയില്‍ നടക്കും. മലയോരപ്രദേശമായ ഈരാറ്റുപേട്ടയില്‍ ആദ്യമായി നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. ആച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികളും സെമിനാറുകളും വടംവലി മത്സരവും പതിനായിരം പേരുടെ ചുവപ്പുസേനാ മാര്‍ച്ചും നടക്കും.
വിഎസിനും പിണറായിക്കും പുറമേ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ തോമസ് ഐസക്, എം.എ. ബേബി, പി.കെ. ഗുരുദാസന്‍, എം.സി. ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. 28നു വൈകുന്നേരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു കൊടിമരപ്രയാണ ജാഥകള്‍ ഈരാറ്റുപേട്ടയില്‍ സംഗമിക്കും. തുടര്‍ന്നു ഗാനമേള.
29നു രാവിലെ പി.ടി.എം.എസ് ഓഡിറ്റോറിയത്തിലാണു പ്രതിനിധി സമ്മേളനം. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഏഴാച്ചേരി രാമചന്ദ്രന്‍, ആര്‍. പാര്‍വതിദേവി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് സെന്‍ട്രല്‍ ജംഗ്ഷനില്‍ കൈരളി ടിവിയുടെ പട്ടുറുമാല്‍ മെഗാഷോ അരങ്ങേറും.
30നു വൈകുന്നേരം നടക്കുന്ന "മതന്യുനപക്ഷങ്ങളും കേരളവും' എന്ന സെമിനാറില്‍ തോമസ് ഐസക്, കെ.ടി. ജലീല്‍ എന്നിവര്‍ പങ്കെടുക്കും. വസന്തകുമാറിന്റെ കഥാപ്രസംഗം അരങ്ങേറും. 31ന് ഉച്ചകഴിഞ്ഞു മൂന്നിനു കടുവാമുഴി ജംഗ്ഷനില്‍നിന്നു ബഹുജനറാലിയും ചുവപ്പുസേനാമാര്‍ച്ചും ആരംഭിക്കും.
സമ്മേളനത്തിന്റെ ഭാഗമായി 16നു വിദ്യാര്‍ഥി വിളംബര റാലിയും 24നു ബാലസംഘത്തിന്റെ റാലിയും നടക്കും. 17നു തിടനാട്ടില്‍ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരം, 18നു പനച്ചിപ്പാറയില്‍ വനിതാ സംഗമവും കൊല്ലപ്പള്ളിയില്‍ മാധ്യമ സെമിനാറും നടത്തും. ടി.എന്‍. സീമ, പി.കെ. സൈനബ, സെബാസ്റ്റ്യന്‍ പോള്‍, ഗൗരിദാസന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.അഡ്വ. വി.എന്‍. ശശിധരന്‍ ചെയര്‍മാനും ഏരിയാ സെക്രട്ടറി ജോയി ജോര്‍ജ് സെക്രട്ടറിയുമായ സ്വാഗതസംഘമാണു സമ്മേളനത്തിനു ചുക്കാന്‍ പിടിക്കുന്നത്.

വൈകല്യമുള്ളവരെ കരുതാന്‍ സമൂഹത്തിനാകണം -പി.സി. ജോര്‍ജ്


ഈരാറ്റുപേട്ട: ശാരീരികവും ബുദ്ധിപരവുമായി വൈകല്യം ബാധിച്ചവരെ സ്‌നേഹിക്കാനും അവരോട് കരുണ കാണിക്കാനും മനുഷ്യ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ക്രസന്റ് സ്കൂളിന്റെയും പി.എം.സി ആശുപത്രിയുടെയും സഹകരണത്തോടെ നടത്തിയ വികലാംഗ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രസന്റ് ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അലിയാര്‍, വി.എ. റഷീദ്, പി.എസ്. അബ്ദുല്‍ ഖാദര്‍, മജീദ് വട്ടക്കയം, റഷീദ് വെട്ടിക്കല്‍, ഡോ. അല്‍ഫോന്‍സ, ഡോ. ജോസഫ് വര്‍ഗീസ്, അന്‍സില്‍ എന്നിവര്‍ പ്രസംഗിച്ചു.

മുല്ലപ്പെരിയാര്‍: മനുഷ്യ മതിലില്‍ ഐ.എന്‍.എല്‍ പങ്കുചേരും


ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം തേടി എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ മതിലില്‍ കണ്ണി ചേരാന്‍ ഐ.എന്‍.എല്‍ തീരുമാനിച്ചു. ജനങ്ങളുടെ നിലനില്‍പിനെ അപായപ്പെടുത്തുന്ന ഗുരുതര പ്രശ്‌നത്തില്‍ കേന്ദ്രം പുലര്‍ത്തുന്ന നിസ്സംഗത അപലപനീയമാണ്.
സംസ്ഥാന വികാരത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച അഡ്വക്കറ്റ് ജനറലിനെ പുറത്താക്കണമെന്നും ഐ.എന്‍.എല്‍ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്.എ. പുതിയവളപ്പില്‍ അധ്യക്ഷത വഹിച്ചു.

സെന്റ് ജോര്‍ജ് കോളജില്‍ 'റാസ് മെറ്റാസ് " എക്‌സിബിഷന്‍


ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ "റാസ് മെറ്റാസ്' എക്‌സിബിഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതിന് കോളജ് മാനേജര്‍ ഫാ. തോമസ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന എക്‌സിബിഷനില്‍ വിനോദപ്രദവും വിജ്ഞാനകരവുമായ നാല്‍പ്പതോളം സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ അടുക്കളയിലെ മാലിന്യത്തില്‍നിന്നുള്ള ഊര്‍ജോത്പാദനം, മാലിന്യ നിര്‍മാര്‍ജനം, മുല്ലപ്പെരിയാര്‍ ഡാമിന്റെ ശാസ്ത്രീയ ചിത്രീകരണം, ത്രീഡി ഷോ തുടങ്ങിയവ എക്‌സിബിഷനിലുണ്ട്.
രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 4.30 വരെ നടക്കുന്ന എക്‌സിബിഷന്‍ ഒമ്പതാം തീയതി സമാപിക്കും. പൊതുജനങ്ങള്‍ക്ക് 15 രൂപയും കുട്ടികള്‍ക്ക് അഞ്ചു രൂപയുമാണു പ്രവേശനിരക്കെന്നു പ്രഫ. ലോപ്പസ് മാത്യു, പ്രഫ. സിബി ജോസഫ്, ഡോ. മേരി ജോസഫ്, ടിന്റു ജോസ് എന്നിവര്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ പ്രതിഷേധം തുടരുന്നു


കോണ്‍ഗ്രസ് ഉപവസിച്ചു
ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൂഞ്ഞാര്‍ കോണ്‍ഗ്രസ് കമ്മിറ്റി ഉപവാസ സമരം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോമോന്‍ ഐക്കര അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ജേക്കബ്, വി.ജെ. ജോസ്, നദീര്‍ മൗലവി, നൈനാര്‍ പള്ളി ഇമാം ഹാജി ഇസ്മായില്‍ മൗലവി, എ.എം.എ. ഖാദര്‍, ടോമി മാടപ്പള്ളി, വി.എസ്. ഹസന്‍പിള്ള, ലത്തീഫ് വെള്ളൂപ്പറമ്പില്‍, തോമസ് ചൂണ്ടിയാനിപ്പുറം, വര്‍ക്കിച്ചന്‍ പൊട്ടംകുളം, കെ.സി. ജയിംസ്, ജോര്‍ജ് സെബാസ്റ്റിയന്‍, എം.സി. വര്‍ക്കി, കെ.ഇ.എ. ഖാദര്‍, ഉഷാ മേനോന്‍, ജോര്‍ജ് പയസ് എന്നിവര്‍ പ്രസംഗിച്ചു.

നാഷണല്‍ യൂത്ത് ലീഗ്
ഈരാറ്റുപേട്ട: നാഷണല്‍ യൂത്ത് ലീഗ് മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. സംസ്ഥാന പ്രസിഡന്റ് ബുഹാരി മന്നാനി, പി.എസ്. റഫീഖ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സാലിഹ്, താജുദ്ദീന്‍, വി.പി. കൊച്ച്മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

സൗജന്യ ടാപ്പിംഗ് പരിശീലനം


ഈരാറ്റുപേട്ട: റബര്‍ ബോര്‍ഡ്, തലനാട് റബര്‍ ഉല്‍പാദക സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച മുതല്‍ 10 ദിവസം സൗജന്യ ടാപ്പിംഗ് പരിശീലനം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സ്റ്റൈപ്പന്റും നല്‍കുമെന്ന് ആര്‍.പി.എസ് പ്രസിഡന്റ് എ.കെ. വിനോദ് അറിയിച്ചു.